മാന്നാർ (ആലപ്പുഴ): മഹാത്മാഗാന്ധി ജലമേളയിൽ ജേതാക്കളായ പോലീസ് ടീം എതിർ ടീമിലെ പങ്കായക്കാരനെ ആറ്റിൽ തള്ളിയിട്ടാണ് സമ്മാനം നേടിയതെന്ന് ആക്ഷേപം.
ഇതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടെ പോലീസ് ടീമിനെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു.
കഴിഞ്ഞ ദിവസം രണ്ടു വള്ളവും ഒപ്പത്തിനൊപ്പം ഫിനിഷിംഗ് പോയിന്റിലേക്കു നീങ്ങവേയാണ് സംഭവം. അല്പം മുന്നിൽ ചെറുതന ചുണ്ടൻ ആയിരുന്നു.
തൊട്ടുപിന്നാലെ എത്തിയ പോലീസ് ടീം തുഴഞ്ഞ നിരണം ചുണ്ടനിലെ ഒരു തുഴച്ചിൽകാരൻ എഴുന്നേറ്റ് ചെറുതനയിൽനിന്ന പങ്കായക്കാരനെ ആറ്റിലേക്കു തള്ളിയിടുകയായിരുന്നു.
പങ്കായക്കാരൻ വീണതോടെ ഗതി തെറ്റിയ ചെറുതന ചുണ്ടൻ നല്ല ഒഴുക്കുണ്ടായിരുന്ന ആറ്റിൽ മറിയുകയും ചെയ്തു. ഇതിനിടെ, മുന്നോട്ടു തുഴഞ്ഞ പോലീസ് ടീം ജേതാക്കളായി.
ജീവൻ വച്ചുള്ള കളി
വള്ളം മറിഞ്ഞതോടെ തുഴച്ചിൽകാർ കൂട്ടത്തോടെ വെള്ളത്തിൽ വീണു. തുഴഞ്ഞ് അവശരായിരുന്ന 125 തുഴച്ചിൽക്കാരും ഒരു വിധത്തിലാണ് നീന്തി കരപറ്റിയത്.
ഈ സമയത്തു പോലീസോ അഗ്നിരക്ഷാസേനയോ സഹായിച്ചില്ലെന്നു മുഖ്യപരിശീലകൻ റോച്ച സി. മാത്യു ആരോപിച്ചു.
ഇതിനിടെ, നിരണം ചുണ്ടൻ തുഴഞ്ഞ് ഒന്നാമതെത്തുകയും ചെയ്തു. കേരള പോലീസ് ടീമിന്റെ ഒരു തുഴക്കാരൻ ചെറുതനയുടെ പങ്കായക്കാരൻ പ്രദീപ് കുമാറിനെയാണ് തള്ളി വെള്ളത്തിൽ ഇട്ടത്.
പരാതി നൽകി
കരയ്ക്കെത്തിയ തുഴച്ചിൽകാർ പരാതി ഉന്നയിച്ചെങ്കിലും സംഘാടകർ കാര്യമാക്കിയില്ലെന്നു പറയുന്നു. ഇതേത്തുടർന്നു പോലീസും തുഴച്ചിൽകാരുമായി കൈയാങ്കളിയും നടന്നു.
ചെറുതന ചുണ്ടനിലെ തുഴച്ചിൽകാർ പത്തനംതിട്ട എസ്പിക്കു പരാതി നൽകി. 56-ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവത്തിന്റെ ഫൈനലിൽ ഒന്നാം ട്രാക്കിൽ വള്ളംകുളങ്ങരയും രണ്ടാം ട്രാക്കിൽ ചെറുതനയും മൂന്നാം ട്രാക്കിൽ നിരണം ചുണ്ടനുമായിരുന്നു.
സ്റ്റാർട്ടിംഗിന് മുന്നേതന്നെ വള്ളങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇതു പരിഹരിച്ച് ഒരു മണിക്കൂറോളം താമസിച്ചാണ് മത്സരം തുടങ്ങിയത്.
പങ്കായക്കാരനെ തള്ളിയിട്ട് പോലീസ് ടീം നേടിയ വിജയം റദ്ദാക്കണമെന്ന് ചെറുതന ചുണ്ടന്റെ ക്യാപ്റ്റൻ ആവശ്യപ്പെട്ടിട്ടുണ്ട്.