
തിരുവല്ല: തിരുവല്ല വള്ളംകുളത്ത് തടിമില്ലില്‍ വന്‍ അഗ്നിബാധ. വള്ളംകുളം പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എബോണി വുഡ്സിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം.
തടിയും ഫ്ളൈവുഡും ഉപയോഗിച്ച് സോഫ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ നിര്‍മിക്കുന്ന യുണിറ്റിലാണ് തീപിടിത്തം ഉണ്ടായത്. 5000 സ്ക്വയര്‍ ഫീറ്റോളം വരുന്ന യൂണിറ്റിലെ ഉപകരണങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.
പരിസരത്തു പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനം ഉള്‍പ്പെടെ അഗ്്നിക്കിരയായി.തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട , ചങ്ങനാശേരി, കോഴഞ്ചേരി,
മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴ് ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിച്ച് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
തീപിടിത്തത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ മേല്‍ക്കൂര കത്തി താഴേക്കു പതിച്ചു. സ്ഥാപനത്തിന്റെ മുന്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ടു വീലര്‍ പൂര്‍ണമായും മിനിലോറി ഭാഗികമായും കത്തി.
സ്ഥാപനത്തോടു ചേര്‍ന്ന മുറിയില്‍ മൂന്ന് ജീവനക്കാര്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞാലിക്കണ്ടം കൊണ്ടൂര്‍ സാമുവല്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ പറഞ്ഞു.
അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നും അഗ്നി സുരക്ഷാ സര്‍ട്ടിഫിക്കറ്റ് അടക്കമുളള രേഖകള്‍ ഹാജരാക്കാനും സ്ഥാപന ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫയര്‍ഫോഴ്സ് തിരുവല്ല സ്റ്റേഷന് ഓഫീസര്‍ പി. ബി. വേണുക്കുട്ടന്‍ പറഞ്ഞു.