എടത്വ: വെള്ളപ്പൊക്ക സീസണില്‍ മറുകര താണ്ടാന്‍ താത്കാലിക വഞ്ചി സുരക്ഷിതമായി കരുതിവച്ചിരിക്കുകയാണ് കര്‍ഷക തൊഴിലാളിയായ മാധവന്.
തകഴി പഞ്ചായത്ത് 7-ാം വാര്‍ഡില്‍ കേളമംഗലം വലിയകളത്തില്‍ മാധവന് വെള്ളപ്പൊക്കമെത്തിയാല് മറുകര താണ്ടാന്‍ ഏക ആശ്രയമാണീ വഞ്ചി.
പാടശേഖര തുരുത്തുകളില്‍ താമസിക്കുന്ന കര്‍ഷക തൊഴിലാളികള്‍ വെള്ളപ്പൊക്ക സീസണില്‍ കരുതി വയ്ക്കുന്ന ഇത്തരത്തിലുള്ള താത്കാലിക വഞ്ചികള്‍ കുട്ടനാട്ടില്‍ സുലഭമാണ്.
ദുരിതം പേറിയ പ്രളയ ദിനങ്ങള്‍ കുട്ടനാട്ടുകാര്‍ മറക്കില്ല. പ്രളയശേഷം പ്ലാസ്റ്റിക് കുപ്പികള്‍ മുതല്‍ എന്ജിന് ഘടിപ്പിച്ച ഫൈബര്‍ വള്ളങ്ങള്‍ വരെ ഇറക്കിയിട്ടുണ്ട്.
മാധവന് കരുതിവച്ച താത്കാലിക വഞ്ചിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുള കീറിയെടുത്ത് വഞ്ചിയുടെ രൂപത്തില്‍ നിര്‍മിച്ച് പ്ലാസ്റ്റിക് ചാക്കും ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞുകെട്ടിയാണ് താത്കാലിക വഞ്ചി നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ വഞ്ചിയിലാണ് മാധവന് യാത്ര ചെയ്യുന്നത്. കൃഷി തുടങ്ങുന്നതോടെ പാടത്തിനു സമീപത്ത് മുളകൊണ്ടു തട്ടുകെട്ടി വഞ്ചി സുരക്ഷിതമായി ഉയര്‍ത്തി വയ്ക്കും.
വീണ്ടും വെള്ളപ്പൊക്ക സീസണില്‍ യാത്രയ്ക്കായി വഞ്ചി ഉപയോഗിക്കും. പ്രായാധിക്യത്താല്‍ വീണ്ടുമൊരു താത്കാലിക വഞ്ചി ഇറക്കാന്‍ മാധവന് ശാരീരിക ബുദ്ധിമുട്ടുമുണ്ട്.
പഞ്ചായത്ത് നടവഴി നിര്‍മിച്ചു നല്‍കിയിട്ടുണ്ടങ്കിലും പാടത്തു വെള്ളം കയറ്റിയാല്‍ വഴി മുട്ടോളം മുങ്ങും.
കുടിവെള്ളം ഉള്‍പ്പെടെ വീട്ടില്‍ എത്തണമെങ്കില്‍ പാടവരമ്പിലൂടെ നീന്തണം. ഇവ എത്തിക്കുന്നതിനും ഈ താല്കാലിക വഞ്ചിയാണ് കൂട്ട്.
കോവിഡ് പിടിമുറുക്കിയതോടെ കുട്ടനാട്ടിലെ തുരുത്തുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് പണം മുടക്കിയുള്ള വഞ്ചി നിര്‍മാണം അസാധ്യമായിട്ടുണ്ട്.
പണ്ട് വാഴപ്പിണ്ടി കൂട്ടിക്കെട്ടി ചെങ്ങാടം നിര്‍മിച്ചാണ് ഒട്ടുമിക്ക സാധാരണ കുടുംബങ്ങളും യാത്ര ചെയ്തിരുന്നത്.
കൂട്ടിക്കെട്ടിയുണ്ടാക്കിയ വാഴപ്പിണ്ടികള്‍ ആഴ്ചകള്‍ക്കുള്ളില്‍ ചീയുന്നതോടെ വീണ്ടുമൊരു ചങ്ങാട നിര്‍മാണം പലര്‍ക്കും അസാധ്യമായി തീര്‍ന്നിരുന്നു.
വ്യദ്ധരും കുട്ടികളും സ്ത്രീകളും പിന്നീട് പാടത്തുകൂടി നീന്തിയാണ് മറുകര പറ്റിയിരുന്നത്.
പിന്നീടു പണം മുടക്കാതെ സാധാരണക്കാര്‍ക്ക് കരുതി വയ്ക്കാന്‍ പറ്റുന്ന രീതിയില്‍ വഞ്ചികള്‍ നിര്‍മിക്കാന്‍ തുടങ്ങി.
ഈറ്റ ഉപയോഗിച്ച് വഞ്ചിയുടെ ആകൃതിയില്‍ നിര്‍മിച്ച് പ്ലാസ്റ്റിക് ഷീറ്റുകള്‍ പൊതിഞ്ഞുള്ള താത്കാലിക വഞ്ചികളുടെ പിറവി ഇങ്ങനെ.
പാടത്തു കൃഷി ഇറക്കുന്നതോടെ കരുതി വയ്ക്കുന്ന താത്കാലിക വഞ്ചി അടുത്ത വെള്ളപ്പൊക്ക സീസണില്‍ വീണ്ടും ഇറക്കുകയാണ് പതിവ്.
യാത്രാ ദുരിതം പേറി പാടശേഖര നടുവിലെ നിരവധി കര്‍ഷക തൊഴിലാളി കുടുംബങ്ങളാണ് താത്കാലിക വഞ്ചികള്‍ കരുതിവയ്ക്കുന്നത്.
യാത്രാസൗകര്യമില്ലാതെ തുരുത്തുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങള്‍ക്ക് നടവഴി ഉയര്‍ത്തി നല്കാന് ആരും സമ്മതിക്കാറില്ല.
മാറിമാറി വരുന്ന പഞ്ചായത്തു ഭരണ സമതികളും തുരുത്തു നിവാസികളുടെ യാതന കാണാറില്ല. ഓരോ വെള്ളപ്പൊക്കവും ഇവര്‍ക്കു സമ്മാനിക്കുന്നത് കഠിന ദുരിതങ്ങളാണ്.
വെള്ളം കയറാത്ത നടപ്പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയണമെന്നാണ് പാടശേഖര തുരുത്തുകളില്‍ താമസിക്കുന്നവരുടെ ആഗ്രഹം.