തിരുവനന്തപുരം: സംസ്ഥാന പോലീസ് കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് വി.കെ. മോഹനന് പുതിയ കാർ വാങ്ങുന്നതിന് ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് 30 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭാ നിർദേശം. നിലവിൽ ഉപയോഗിക്കുന്ന ഏഴു വർഷം പഴക്കമുള്ള കാർ മാറ്റി പുതിയ കാർ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.
നിലവിൽ പോലീസ് കംപ്ലയന്റ്സ് അഥോറിറ്റി ചെയർമാൻ ഉപയോഗിക്കുന്ന കാർ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പ് നിലപാട്. ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ ഇന്നോവ കാറായതിനാൽ മാറ്റേണ്ടതില്ലെന്നും ധനവകുപ്പ് നിലപാടെടുത്തു. പല മന്ത്രിമാരുടെയും ഇന്നോവ കാർ ഒരു ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കാറിനായി ഇടപെട്ടതോടെയാണ് ധനവകുപ്പ് വഴങ്ങിയത്.
സംസ്ഥാനത്തു കടുത്ത സാന്പത്തിക പ്രതിസന്ധി തുടരുന്നതിനിടെയാണ് ഒരു ലക്ഷം കിലോമീറ്റർ മാത്രം ഓടിയ ഇന്നോവ കാർ മാറ്റി പോലീസ് കംപ്ലയന്റസ് അഥോറിറ്റി ചെയർമാന് പുതിയ കാർ വാങ്ങാൻ സർക്കാർ 30 ലക്ഷം അനുവദിച്ചത്. 2017 മോഡൽ ഇന്നോവ ക്രിസ്റ്റ കാറാണ് ഇപ്പോൾ ചെയർമാൻ ഉപയോഗിക്കുന്നത്.
ഒരു ലക്ഷം കിലോമീറ്റർ ഓടിയ വാഹനം ഇടയ്ക്കിടെ കേടാകുന്നുവെന്നും മാറ്റി വാങ്ങാൻ തുക അനുവദിക്കണമെന്ന് ചെയർമാൻ സംസ്ഥാന പോലീസ് മേധാവി സർക്കാരിനു കത്തു നൽകിയിരുന്നു. തുടർന്നാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുൾ ഓപ്ഷൻ കാർ വാങ്ങുന്നതിന് തുക അനുവദിച്ചതെന്നാണ് ഉത്തരവിൽ പറയുന്നത്.