ആലപ്പുഴ: 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തില്‍ തെക്കനോടി വിഭാഗത്തില്‍ മത്സരിച്ച ആലപ്പുഴ നഗരസഭ ഹരിതകര്‍മ സേന ടീമംഗങ്ങള്‍ തുഴഞ്ഞ ദേവാസ് വള്ളം ഫൈനലില്‍ വള്ളപ്പാടകലെ മുന്നില്‍ നില്ക്കുമ്പോള് തോല്പിക്കാൻ ശ്രമിച്ചെന്നു പരാതി.
വള്ളത്തിന്റെ അമരം കാത്തവര് വെള്ളത്തിലേക്ക് ചാടിയാണ് വള്ളം പിന്നിലാക്കിയതെന്നാണ് ആരോപണം.
അമരക്കാരായ ഷിബു, അജയഘോഷ്, സുനില്‍കുമാര്‍, വിനീഷ് എന്നിവരാണ് മനഃപൂര്‍വം കായലില്‍ ചാടിയതായി പരാതിയു ള്ളത്.
ഒന്നാം സ്ഥാനത്തായിരുന്ന വള്ളം നിര്‍ത്തി കായലില്‍ ചാടിയവരെ പോലീസെത്തി വള്ളത്തില്‍ തിരികെ കയറ്റി തുഴഞ്ഞെങ്കിലും വിലപ്പെട്ട സമയനഷ്ടം മൂലം വള്ളം പിന്നാക്കം പോകുകയുമായിരുന്നു.
കായലില്‍ അസാധാരണമായ കാറ്റോ ഓളമോ ഇല്ലാതിരിക്കുകയും മറ്റു വള്ളത്തില്‍നിന്നു അമരക്കാരടക്കം ആരും വീഴുന്ന നിലയോ ഇല്ലാതെ എന്തിനിവർ ഇങ്ങനെ ചെയ്തെന്നാണ് ചോദ്യം.
ഈ വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടന്നും അമരക്കാര്‍ ഈ ഗൂഢാലോചനയുടെ ഭാഗമാകുകയോ, കൈക്കൂലി പണം പറ്റുകയോ ചെയ്തിട്ടുണ്ടെന്നും കാട്ടിയാണ് വള്ളത്തിന്റെ ക്യാപ്റ്റനായ സൗമ്യരാജ്, വൈസ് ക്യാപ്റ്റന്‍ ബീന രമേശ് എന്നിവര്‍ ജില്ലാകളക്ടര്‍, സബ്കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
സംഭവം വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങളും പരാതിയോടൊപ്പം കൈമാറി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവണമെന്നും വള്ളംകളിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആജീവനാന്തം വിലക്കണമെന്നും ആവശ്യപ്പെട്ടു.
ഹരിതകര്‍മ സേനയുടെ പദവി ഉയര്‍ത്തുക, കായല്‍ മലിനീകരണത്തിനെതിരേ വനിതാ പ്രതിരോധം തീര്‍ക്കുക എന്നീ ഉന്നതാശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഹരിതകര്‍മ സേന നെഹ്റു ട്രോഫിയില്‍ മത്സരിച്ചത്.