തിരുവില്വാമല: മലേശമംഗലത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ അവശയായ ഒരമ്മയും രോഗിയായ മകനും വെളിച്ചം മോഹിച്ച് ദുരിതപൂർണമായ ജീവിതം ജീവിച്ചുതീർക്കുന്നു. വനാതിർത്തിയിൽ ഒറ്റപ്പെട്ട വീട്ടിൽ കഴിയുന്ന പള്ളത്തൊടി വള്ളിയും മകൻ രാമനും അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്.
വള്ളിയുടെ ഭർത്താവ് ചാമി വർഷങ്ങൾക്കു മുന്പ് മരിച്ചു. മൂത്തമകൻ നാലുവർഷം മുൻപ് പാന്പുകടിയേറ്റു മരിച്ചു. വള്ളിക്ക് ഒരു സ്വകാര്യ കന്പനിയിൽ തൂപ്പു ജോലിയായിരുന്നു. അസുഖം മൂലം ഇപ്പോൾ ഇതിന് പോകാൻ പറ്റുന്നില്ല.
മരിച്ചുപോയ മൂത്തമകൻ വാങ്ങിയ പശുവിന്റെ പാൽ വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോൾ അമ്മയും മകനും കഴിയുന്നത്. വീട്ടുചിലവും മകന് മരുന്നുവാങ്ങലുമെല്ലാം ഈ പണം കൊണ്ടാണ്. പലപ്പോഴും പണം തികയാറില്ല. ചികിത്സകൾ പോലും മുടങ്ങിയിരിക്കുകയാണ്.
സന്പൂർണ വൈദ്യുതികരണം പ്രഖ്യാപിച്ച ചേലക്കര നിയോജകമണ്ഡലത്തിലെ തിരുവില്വാമല പഞ്ചായത്തിലാണ് ഇവർ താമസിക്കുന്നതെങ്കിലും വൈദ്യുതിയില്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിക്കുന്നത്. ഉദ്യോഗസ്ഥർ സോളാർ സംവിധാനം നൽകാമെന്ന് മോഹിപ്പിച്ചതല്ലാതെ ഇതുവരെ നൽകിയിട്ടില്ല.