കൊച്ചി: പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ തെളിവെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ കൃത്യം നടത്താൻ കത്തി വാങ്ങിയ ചേർത്തലയ്ക്കു സമീപത്തെ കടയിലെത്തിച്ചു ഇന്നലെ തെളിവെടുപ്പ് നടത്തി.
കൃത്യത്തിനുശേഷം കത്തി ഉപേക്ഷിച്ചതായി കരുതുന്ന വാൽപ്പാറയിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനായി പോലീസ് സംഘം രണ്ടു ദിവസത്തിനകം വാൽപ്പാറയ്ക്കു തിരിക്കുമെന്ന് അധികൃതർ പറഞ്ഞു.
കൃത്യം നടത്തുന്നതിന് ഏതാനും ദിവസം മുന്‍പാണു പ്രതി കത്തിവാങ്ങിയതെന്നാണ് അധികൃതർ നൽകുന്ന വിവരം. പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ദുരുപയോഗിച്ചതായുള്ള സംശയവും ബലപ്പെടുന്നുണ്ട്. ഇതു സംബന്ധിച്ചു വിശദമായി അന്വേഷിക്കുകയാണെന്നും ചില സൂചനകൾ ലഭിച്ചതായും സെൻട്രൽ എസ്എച്ച്ഒ എസ്. വിജയശങ്കർ പറഞ്ഞു.
കലൂരിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചേർത്തല ചെറുനാട് ആന്റണിയുടെ (വിനോദ്) മകൾ ഇവ ആന്റണി (ഗോപിക – 17) കൊല്ലപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന മരടിലെ ഒരു കാർ സർവീസ് സെന്ററിലെ ജീവനക്കാരനായ കുന്പളം കുറ്റേപ്പറന്പിൽ സഫർ ഷാ (25) നെയാണ് പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. 20ന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കണം.
വിവാഹാഭ്യർഥനയിൽനിന്നു പെണ്‍കുട്ടി പിന്മാറിയതാണു കൊലപാതകത്തിനു കാരണമായത്. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. സ്കൂളിൽ പോയ പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മോഷ്ടിച്ച കാറിൽ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിലെ വനാതിർത്തിയോടു ചേർന്ന പ്രദേശത്തു തള്ളി. തുടർന്ന് പൊള്ളാച്ചിയിലേക്കു കടക്കുന്നതിനിടെ തമിഴ്നാട് പോലീസിന്റെ പിടിയിലാകുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.