എടത്വ: ഉറ്റവർ കോവിഡിന് ഇരയായി. അനാഥയായ കുഞ്ഞിന് കരുതലായി സൗഹൃദവേദി. എട്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മ വത്സല. ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ് വത്സലയുടെ ഭർത്താവിന്റെയും മകളുടെയും ജീവൻ കോവിഡ് അപഹരിച്ചത്.
ഇപ്പോൾ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതിരുന്ന വത്സല ഭർത്താവിന്റെയും മകളുടെയും മരണശേഷം വാടക വീട് ഉപേക്ഷിച്ച് ബികോം വിദ്യാർഥിയായ മകനും മകളുടെ കുഞ്ഞുമായി പുറക്കാട്ട് സഹോദരന്റെ വീട്ടിലാണിപ്പോൾ.
വത്സലയുടെ ഭർത്താവ് ജയന്തൻ എടത്വ സ്വദേശിയും മരപ്പണി ചെയ്തും ആണ് കുടുംബം പുലർത്തിയിരുന്നത്. എടത്വ പാണ്ടംങ്കരിയിൽ ആകെ സ്വന്തമായി ഉണ്ടായിരുന്ന മൂന്ന് സെൻ്റ് സ്ഥലം വിറ്റാണ് ഏക മകൾ ജയന്തിയെ വിവാഹം കഴിപ്പിച്ചത്.
ജയന്തിയുടെ പ്രസവശേഷം ഭർത്താവ് ഉപേക്ഷിച്ചു പോയി. തലവടി പഞ്ചായത്തിൽ വാർഡ് 13-ൽ വാടകയ്ക്കു താമസിച്ചിരുന്നു.കിടപ്പാടവും വരുമാനവും ഇല്ലാതെ വിഷമിക്കുകയാണ് ഇവർ.
സൗഹൃദ വേദി പ്രസിഡന്റ് ഡോ.ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ സൗഹൃദ വേദിയിലെ ഭാരവാഹികളായ രജീഷ് കുമാർ പി.വി, പി.ഡി സുരേഷ് , എൻ.ജെ. സജീവ് എന്നിവർ വത്സല താമസിക്കുന്ന പുറക്കാട്ട് എത്തി സഹായം വാഗ്ദാനം ചെയ്തു.
കുഞ്ഞിന് ആഹാര സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, മാസ്ക്, സാനിറ്റൈസർ, എന്നിവ കൂടാതെ വത്സലയ്ക്കും മകനും അവശ്യമായ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റും നല്കിയാണ് അവർ മടങ്ങിയത്.