ചേർത്തല: മയക്കുമരുന്ന് മണപ്പിച്ച് ആശാ പ്രവർത്തകയെ അബോധാവസ്ഥയിലാക്കി ആറേകാൽ പവൻ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ചേർത്തല പോലീസ് അന്വേഷണം ഉൗർജിതമാക്കി. വയലാർ പഞ്ചായത്ത് 13-ാം വാർഡിൽ മാന്തറ പ്രകാശന്റെ ഭാര്യ വത്സലയാണ് ആക്രമണത്തിനിരയായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ നടന്ന സംഭവം നാട്ടുകാർ അറിയുന്നത് എട്ടുമണിക്കൂർ കഴിഞ്ഞ് വത്സലയ്ക്ക് ബോധം തെളിഞ്ഞശേഷം. ആശാപ്രവർത്തകയായ വത്സലയുടെ പരിധിയിൽ 170 ഓളം വീടുകളുണ്ട്.
തിങ്കളാഴ്ച പതിവുപോലെ ജോലിയുടെ ഭാഗമായി വയലാർ കവലയ്ക്കു സമീപമുള്ള വീട്ടിൽ നിന്നും രാവിലെ 10.30 ഓടെ വാർഡിലെ ഭവനസന്ദർശനത്തിനായി ഇറങ്ങി. ശാസ്താങ്കലിനു സമീപത്തെ ഒരു വീട്ടിലെത്തിയപ്പോൾ പുറകെവന്ന അക്രമി വത്സലയുടെ വായ പൊത്തിപ്പിടിച്ച് എന്തോ മണപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിൽ വീണുപോയതിനുശേഷമാണ് അക്രമി ആഭരണങ്ങൾ അപഹരിച്ചത്.
നാലുപവന്റെ താലിമാലയും രണ്ടുപവന്റ വളകളും മോതിരവും ഉൾപ്പെടെ ആറേകാൽ പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രാത്രി ഏറെവൈകിയിട്ടും വത്സലയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് വൽസലയെ കാണാനില്ലെന്നു കാട്ടി തിങ്കളാഴ്ച വൈകുന്നേരം വീട്ടുകാർ ചേർത്തല പോലീസിൽ പരാതിയും നൽകി.
ഇതിനിടയിൽ രാത്രി എട്ടരയോടെ വത്സലയ്ക്ക് ബോധം വന്നപ്പോൾ താൻ ആളൊഴിഞ്ഞ വീട്ടിലാണെന്ന് മനസിലാക്കുകയായിരുന്നു. ഓഫായി കിടന്നിരുന്ന മൊബൈൽ ഫോണ് ഓണാക്കി വീട്ടിലേക്കു വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാരെത്തി വത്സലയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് ഇവർ ആശുപത്രി വിട്ടത്. അതേ സമയം സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതോടൊപ്പം സംഭവത്തിൽ ദുരൂഹതയും നിഴലിക്കുന്നുണ്ട്. ഇവർ പോലീസിനു നല്കിയ മൊഴിയിൽ ചില പൊരുത്തക്കേടുകളുള്ളതായും സൂചനയുണ്ട്.