സംശയരോഗിയായ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് നിരന്തര പീഡനം; സ്വത്തുക്കള്‍ മൂത്ത സഹോദരി അടിച്ചു മാറ്റി; മകനും തിരിഞ്ഞു നോക്കിയില്ല; വല്‍സല ടീച്ചര്‍ വഴിയാധാരമായതിങ്ങനെ…

 

തിരുവനന്തപുരം: തമ്പാനൂരില്‍ ഇരുന്ന് ഭിക്ഷ യാചിച്ച മലപ്പുറം ഇസ്ലാമിയ സ്‌കൂളിലെ മുന്‍ ഗണിതാധ്യാപിക വത്സല ടീച്ചറുടെ ചിത്രം ദിവ്യ എന്ന യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് ഇവര്‍ എങ്ങനെ ഈ അവസ്ഥയിലെത്തി എന്ന ചോദ്യമുയര്‍ന്നത്. മലപ്പുറത്തെ സ്‌കൂളില്‍ നിന്ന് സന്തോഷത്തോടെ പിരിഞ്ഞുപോയ വത്സല ടീച്ചര്‍ ഈ അവസ്ഥയിലെത്തിയ വിവരം പഴയ സഹപ്രവര്‍ത്തകര്‍ പോലും അമ്പരപ്പോടെയാണ് കാണുന്നത്.

ടീച്ചര്‍ക്ക് മകനും ഭര്‍ത്താവും ഉണ്ടെന്നാണ് സൂചനകള്‍. തന്നെ തെരുവിലാക്കിയ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഈ അമ്മ ആഗ്രഹിക്കുന്നില്ല. എങ്ങനേയും അവരെ അമ്മയിലേക്ക് അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പക്ഷേ വാര്‍ത്തയെല്ലാം അറിഞ്ഞിട്ടും ബന്ധുക്കള്‍ ആരും വല്‍സല ടീച്ചറെ തേടിയെത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോക പരിചയവും, സ്വന്തമായ വരുമാനവും ഉള്ള സ്ത്രീയായിരുന്നിട്ടു പോലും എന്നും താലികെട്ടിയ പുരുഷന്‍ ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിച്ചതാണ് വത്സല ടീച്ചര്‍ക്ക് പറ്റിയ ആദ്യ തെറ്റ്. ആ വിശ്വാസം പരമാവധി മുതലെടുത്ത സംശയ രോഗിയും മദ്യപനുമായ ഭര്‍ത്താവ് ടീച്ചറെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി മലപ്പുറത്തെ ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിനു സമീപത്തു നിന്നൊരാള്‍ തന്നെ വിളിച്ചറിയിച്ചിരുന്നു എന്ന് വിദ്യ പറയുന്നു. ഏറെ വൈകി പിറന്ന സൂര്യസായ് എന്ന മകനോടുള്ള ടീച്ചറിന്റെ സ്‌നേഹം അവന്റെ ക്ലാസ്‌മേറ്റ് ഹുസ്‌ന ഓര്‍ക്കുന്നു. എന്നാല്‍ ഈ അമിത ശ്രദ്ധ ഒരിക്കലും അവനെ മിടുക്കനാക്കിയിരുന്നില്ല എന്നും ഹുസ്ന പറഞ്ഞുവെന്ന് വിദ്യ പറയുന്നു.

എല്ലാ വിഷമതകളും ഉള്ളിലൊതുക്കിയ ടീച്ചര്‍ സ്വന്തം നാടിനെയും വീടിനെയും മറന്നാണ് മലപ്പുറത്തെത്തിയത്. അച്ഛനമ്മമാരെയും രോഗിയായ സഹോദരനെയും പരിചരിച്ച് അവിടെ താമസമാക്കിയ മൂത്ത സഹോദരിയും കുടുംബവും കുടുംബവീട് ധന നിശ്ചയ പ്രകാരം എഴുതി വാങ്ങിയത് ടീച്ചര്‍ അറിഞ്ഞിരുന്നില്ല. പെന്‍ഷനായി തിരിച്ചെത്തിയ ടീച്ചര്‍ക്ക് വീടില്ലാതായി. വീട് നഷ്ടമായെന്നറിഞ്ഞപ്പോള്‍ അതുവരെ ആര്‍ക്കൊക്കെ വേണ്ടിയാണോ എല്ലാം മറന്ന് ജീവിച്ചത് ആ വ്യക്തികളും ചതിച്ചെന്നറിഞ്ഞ് വത്സല ടീച്ചറുടെ നെഞ്ചു തകര്‍ന്നു. സ്വന്തം പ്രശ്‌നങ്ങള്‍ ഉള്ളിലൊതുക്കിയതിനാല്‍ സഹപ്രവര്‍ത്തകരാരും ആ നെഞ്ചില്‍ കനല്‍ എരിയുന്നത് അറിഞ്ഞില്ല.

വല്‍സല ടീച്ചറുമായി നേരിട്ട് സംസാരിച്ച ഷാജി തക്കിടിയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ആണ് . 5000 ന് അടുപ്പിച്ച് തുക കിട്ടുമായിരുന്നു. 2015 വരെ ബാങ്ക് അക്കൗണ്ട് ആക്ടീവ് ആയിരുന്നു. അതു കഴിഞ്ഞിട്ടുള്ള കാര്യം വ്യക്തമല്ല. മകന്‍ തിരുവനന്തപുരത്ത് റെയില്‍വേയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ടീച്ചര്‍ പറയുന്നത്. മകനെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പേട്ടയിലുള്ള കുടുംബ വീട് തിരിച്ചു കിട്ടുന്നതു വരെ നഗരസഭയുടെ സംരക്ഷണയില്‍ ഇപ്പോള്‍ കഴിഞ്ഞ വ്യദ്ധ സദനത്തില്‍ കഴിയാനാണ് താല്‍പര്യമെന്ന് ടീച്ചര്‍ വ്യക്തമാക്കി. ഭര്‍ത്താവ് മാവേലിക്കരയില്‍ ഉണ്ട് ,ഉടന്‍ തിരിച്ചു വരും. ഇപ്പോഴും സ്നേഹത്തിലാണ് കഴിയുന്നതെന്നും ടീച്ചര്‍ പറയുന്നു. ഇങ്ങനെ ടീച്ചറുടെ വാക്കുകളില്‍ അവ്യക്തതകള്‍ പലതുമുണ്ട്. ഇത് പരിഹരിക്കാനാണ് വിദ്യയും സുഹൃത്തുക്കളും ഇപ്പോള്‍ ശ്രമിക്കുന്നത്.

മന്ത്രി കെടി ജലീലിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റായ വിദ്യ അവിചാരിതമായാണ് വത്സല ടീച്ചറെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടു മുട്ടുന്നത്.വഴിയരികില്‍ ഇരുന്ന് മരത്തില്‍ നിന്നും കായ്കള്‍ പറിച്ച് തിന്നുന്ന ഒരു സ്ത്രീയുടെ ചിത്രം വിദ്യ എന്ന യുവതി ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുകയും അവര്‍ ഒരു അദ്ധ്യാപികയാണെന്ന വിവരം ഉള്‍പ്പടെ ഷെയര്‍ ചെയ്തതോടെ ആ അമ്മയ്ക്ക് കൈസഹായവുമായി ഭരണകൂടവും രംഗത്തെത്തി. വിശക്കുന്ന ടീച്ചര്‍ക്ക് ഇഡലി വാങ്ങി കൊടുത്ത ശേഷം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത വിദ്യയ്ക്ക് നിലയ്ക്കാത്ത കോളുകളാണ് എത്തിയത്. തുടര്‍ന്ന് അമ്മയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സബ് കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അവരെ ആശ്രയ കേന്ദ്രത്തിലുമാക്കി. മലപ്പുറത്തെ ഇസ്ലാഹിയ സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് വല്‍സല എന്ന് ആ അമ്മ വിദ്യയോട് പറഞ്ഞിരുന്നു. പോസ്റ്റില്‍ ഈ വിവരവും വിദ്യ ഷെയര്‍ ചെയ്തതോടെ വല്‍സല ടീച്ചറുടെ നിരവധി വിദ്യാര്‍ത്ഥികള്‍ പോസ്റ്റിന് മറുപടിയുമായി എത്തിയിരുന്നു. സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഇന്ന് രാവിലെ തന്നെ വല്‍സല ടീച്ചറെ കണ്ടെത്തി കൂട്ടി കൊണ്ട് വരാന്‍ തമ്പാനൂര്‍ പൊലീസും രാവിലെ മുതല്‍ സര്‍വ്വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു. വിദ്യയുടെ പോസ്റ്റിലുള്ള തമ്പാനൂരും ശ്രീകണ്ഠേശ്വരവും അരിച്ചു പറുക്കി. ഒടുവില്‍ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍ കനിവ് തേടിയുണ്ടായിരുന്ന അമ്മയെ പൊലീസ് തിരിച്ചറിഞ്ഞു. ഇപ്പോള്‍ ആ അമ്മ സുരക്ഷിത സ്ഥാനത്തെതിയ സന്തോഷം പങ്കുവയ്ക്കുകയാണ് വത്സല ടീച്ചറുടെ അഭ്യുദയകാംക്ഷികള്‍.

 

Related posts