ഋഷി
മലയാളക്കര ആ വാത്സല്യമേറ്റുവാങ്ങാന് തുടങ്ങിയിട്ട് ഇപ്പോള്‍ മുപ്പതുവര്ഷമാകുന്നു. മേലേടത്ത് രാഘവന് നായര്‍ മലയാള സിനിമയ്ക്ക് നല്കിയ വാത്സല്യം!!
വാത്സല്യം എന്ന് ഗൂഗിളില്‍ മലയാളത്തില്‍ ടൈപ്പു ചെയ്തു കൊടുത്താല്‍ വാത്സല്യം എന്ന സിനിമയെക്കുറിച്ചാണ് ആദ്യം തെളിയുക. പിന്നീടുമാത്രമേ ശബ്ദതാരാവലിയും മറ്റും വരുന്നുള്ളു. അതാണ് മലയാളത്തില്‍ വാത്സല്യം എന്ന സിനിമക്കുള്ള സ്ഥാനം.
എത്രവട്ടം കണ്ടാലും മതിവരാത്ത, കണ്ണുനനയിപ്പിക്കുന്ന, നെഞ്ചില്‍ നോവേറ്റുന്ന മമ്മൂട്ടി ചിത്രം – വാത്സല്യം. എ.കെ.ലോഹിതദാസ് എഴുതിയ മണ്ണും മനുഷ്യനും കഥാപാത്രങ്ങളായുള്ള സിനിമ. കൊച്ചിന്‍ഹനീഫയുടെ സിനിമജീവിതത്തിലെ ഏറ്റവും നല്ല ചിത്രം.
ഇന്നും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ പലവട്ടം കണ്ടതാണെങ്കിലും വീണ്ടുമിരുന്ന് കാണുന്ന സിനിമ..
ഉറങ്ങാതെ വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ ഉറക്കാന്‍ താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണമെന്ന് വാത്സല്യത്തോടെ ഇപ്പോഴും പാടുന്ന എത്രയോ അമ്മമാര്‍ ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്..
മുപ്പതുവര്‍ഷം മുന്പിറങ്ങി ഇപ്പോഴും നമ്മുടെ ഇഷ്ടം പിടിച്ചുപറ്റുന്ന വാത്സല്യം ഇനിയും തലമുറകളുടെ വാത്സല്യം ഏറ്റുവാങ്ങും. പലതവണ പറഞ്ഞു പഴകിയ കഥയായിട്ടു പോലും വാത്സല്യം എന്തുകൊണ്ട് പ്രേക്ഷകമനസ് കീഴടക്കുന്നു എന്നത് അത്ഭുതമാണ്.
പഴയ നായര്‍ തറവാടും കൂട്ടുകുടുംബവും കൃഷിയും കുടുംബത്തിനു വേണ്ടി ജീവിതമുഴിഞ്ഞുവച്ച വല്യേട്ടനും പരിഷ്കാരിയായ അനിയനും ഭാര്യയും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം ചേര്‍ത്ത് ലോഹിതദാസ് വാത്സല്യം എഴുതിയപ്പോള്‍ അതൊരു ആവര്‍ത്തനവിരസത ഇല്ലാത്ത അനുഭവമായി.
പഴയവീഞ്ഞായിട്ടു പോലും അതിന് മധുരമേറി…മേലേടത്ത് രാഘവന്‍നായരായി മമ്മൂട്ടി നടത്തുന്ന പകര്‍ന്നാട്ടം ഒന്നുവേറെത്തന്നെയാണ്. ഒറ്റപ്പാലത്തും വള്ളുവനാട്ടിലെ പലഭാഗത്തും ഇത്തരക്കാരെ ഇന്നും കാണാം.
സ്വന്തം വീടിനും വീട്ടുകാര്‍ക്കും വേണ്ടി ജീവിച്ച് തന്റെ ജീവിതം ഒന്നുമല്ലാതായിത്തീര്ന്നിട്ടും അതിലൊന്നും യാതൊരു പരാതിയുമില്ലാത്ത എത്രയോ പേരുടെ പ്രതിനിധിയാണ് മേലേടത്ത് രാഘവന്‍നായര്‍.
ക്ലൈമാക്സിലെ അവസാനത്തെ ഡയലോഗ് ഡെലിവറി മാത്രം മതി മമ്മൂട്ടി അഭിനയപ്രതിഭയാണെന്ന് വീണ്ടും വീണ്ടും പറയാന്‍…
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അതിനേറ്റവും യോജിച്ചവരെക്കൊണ്ടുതന്നെ ചെയ്യിപ്പിച്ചു എന്നതിനെ ബ്രില്യന്റ് കാസ്റ്റിംഗ് എന്ന് പറയാതെ വയ്യ.
പ്രത്യേകിച്ച് നളിനിയെ അവതരിപ്പിച്ച ബിന്ദുപണിക്കര്‍, അമ്മാവന് കുഞ്ഞമ്മാവനായി എത്തിയ അബൂബക്കര്‍ എന്നിവര്‍. ചിത്രത്തിലെ പശുക്കുട്ടിയും പാടവും പോലും കഥാപാത്രങ്ങളുടെ സ്വഭാവത്തിലേക്ക് മാറുന്നുണ്ട്.
കുടുംബകഥ എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധം മറ്റൊരിടത്തേക്കും ട്രാക്കുമാറാതെ അവതരിപ്പിച്ച വാത്സല്യം വാണിജ്യപരമായും മികച്ച വിജയം നേടി.
നമ്മുടെ തന്നെയോ നമുക്കറിയാവുന്നതോ നമ്മുടെ അയല്പക്കത്തോ നടന്ന കഥ എന്നേ വാത്സല്യം കണ്ടവര്‍ക്കെല്ലാം തോന്നിയിട്ടുള്ളു.
സൂപ്പര്‍താരമോ അഭിനേതാക്കളോ ആയിരുന്നില്ല, മറിച്ച് മേലേടത്ത് വീട്ടിലെ അംഗങ്ങളും അവരുടെ ചുറ്റുമുള്ളവരുമായിരുന്നു എല്ലാവരും. വളരെ സാവധാനത്തില്‍ മുന്നോട്ടുപോയി പതിയെപ്പതിയെ മുറുകിത്തുടങ്ങുന്ന കഥാഗതിയാണ് വാത്സല്യത്തിന്റെ ഭംഗി. 1993 ഏപ്രില്‍ 12നാണ് വാത്സല്യം റിലീസ് ചെയ്തത്.
സിനിമ കാണാന്‍ കുടുംബപ്രേക്ഷകര്‍ തന്നെയായിരുന്നു കൂടുതലും ഇരച്ചുകയറിയത്.93ലെ മികച്ച നടനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് മേലേടത്ത് രാഘവന് നായരിലൂടെ മമ്മൂട്ടി സ്വന്തമാക്കി.
മണ്ണു ചതിക്കില്ലെന്ന വിശ്വാസം വാത്സല്യമെന്ന സിനിമയുടെ അടിത്തറയാണ്. കണ്ണു നനയാതെ തൊണ്ടയിടറാതെ വാത്സല്യം കണ്ടുതീര്‍ക്കാനാവില്ല. അത് എഴുത്തിന്റെയും അഭിനയത്തിന്റെയും സംവിധാനമികവിന്റെയും മാജിക്ക് തന്നെയാണ്.
ഇന്നീ കൊച്ചുവരമ്പിന്മേലെ കൊയ്തെടുക്കണ കതിരോണ്ട് എന്ന ഗാനം മലയാളസിനിമ മറന്നുപോയ കാര്ഷികഗാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ താമരക്കണ്ണനുറങ്ങേണം എന്ന പാട്ട് താരാട്ടുപാട്ടിലെ രാജാവായി മാറി. അലയും കാറ്റിന് ഹൃദയം എന്ന പാട്ടാണെങ്കില്‍ രാമായണത്തിന്റെ സ്പര്‍ശമുള്ള ഹൃദയസ്പര്‍ശിയായ ഗാനമായി.
കെ.പി.നമ്പ്യാതിരിയുടെ ഛായാഗ്രഹണം ഒരു കുടുംബത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുചെന്നിരുത്തും പോലെയാണ്. മേലേടത്ത് വീട്ടില്‍ 150 മിനുറ്റ് ചിലവഴിച്ച ഫീലാണ് ചിത്രം കണ്ടിറങ്ങുമ്പോള്‍ തോന്നുക.
എത്ര പറഞ്ഞാലും നന്മവറ്റാത്തൊരീ ചിത്രവിളക്കാണ് ഈ ചിത്രം…ഇനിയൊരു മുപ്പതുവര്‍ഷം കഴിഞ്ഞശേഷവും മലയാളസിനിമ വാത്സല്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും…