പേരാമ്പ്ര: ആശുപത്രിയിലേക്കു നീക്കാനെത്തിയ പോലീസിനെ നോക്കി വനപാലകരാൽ തുറുങ്കിലടക്കപ്പെട്ട ജയ് മോന്റെ മാതാവ് വത്സമ്മ പരസ്യമായി നടത്തിയ പ്രഖ്യാപനം പോലീസിനെ വെട്ടിലാക്കി. കള്ളക്കേസെടുത്ത് ജയിലിലടച്ച തന്റെ മകനെ തിരിച്ചു തരണം. എന്നിട്ടേ തീരൂ തന്റെ സമരം.
അതിനിടയിൽ താൻ പട്ടിണി കിടന്നു മരിച്ചാൽ ഉത്തരവാദി പോലീസായിരിക്കില്ലെന്നും അവർ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. ഇന്നലെ രാത്രി ഒൻമ്പതോടെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുമ്പിലെ സമരപന്തലിലാണു പെറ്റമ്മയുടെ നിശ്ചയദാർഢ്യം അഗ്നിജ്വാലയായി കത്തിജ്വലിച്ചത്.
നാദാപുരം ഡിവൈഎസ്പി സുനിൽ കുമാർ, പേരാമ്പ്ര സി ഐ കെ.പി സുനിൽ കുമാർ, പെരുവണ്ണാമൂഴി എസ്ഐ കെ.കെ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ആശുപത്രിയിലേക്കു മാറ്റാൻ എത്തിയപ്പോഴാണു നൂറ് കണക്കിനു കർഷകരെ സാക്ഷിയാക്കി വത്സമ്മയുടെ പ്രഖ്യാപനമുണ്ടായത്.
ഇതോടെ കർഷക കൂട്ടായ്മയുടെ സംഘബലത്തിന്റെ ശക്തി പെരുവണ്ണാമൂഴി സമരഭൂമി തിരിച്ചറിഞ്ഞു. സമരപന്തലിലേക്കു ഒരിഞ്ചുപോലും കടക്കാൻ പോലീസിനെ തടിച്ചുകൂടിയ ജനക്കൂട്ടം അനുവദിച്ചില്ല. സമര നായികയെ ഒരു കാരണവശാലും വിട്ടുതരില്ലെന്ന പ്രഖ്യാപനം മുദ്രാവാക്യങ്ങളായി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.
ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ്, നേതാക്കളായ ഒ.ഡി തോമസ്, ജോയി കണ്ണം ചിറ, ജിതേഷ് മുതുകാട്, ബേബി കാപ്പുകാട്ടിൽ, കെ. ടി. ജയിംസ്, ജോർജ് കുംബ്ലാനി തുടങ്ങിയവർ നേതൃത്വം നൽകി നിലകൊണ്ടത് കർഷകർക്ക് ആവേശമായി.
ഒടുവിൽ മണിക്കൂറുകൾക്കു ശേഷം പോലീസ് സംഭവസ്ഥലത്തു നിന്നു പിൻ വാങ്ങി. അതേ സമയം എത്തിയ ഒരാളു പോലും പോകാതെ നേരം പുലരും വരെ സമര പന്തലിനു കാവലിരിക്കുകയായിരുന്നു.