ആലപ്പുഴ: പള്ളിയിൽ കുർബാനയ്ക്കു പോയ വീട്ടമ്മയെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലംപേരൂർ പഞ്ചായത്ത് പത്താം വാർഡ് കുറുപ്പശേരിൽ പി.എ. മാത്യുവിന്റെ ഭാര്യ വൽസമ്മ മാത്യുവിനെയാണ് ഇന്നു രാവിലെ 7.30 ഓടെ നാരകത്ര കോഴിച്ചാൽ പാടശേഖരത്തിലെ നെല്ലു സംഭരണ ശാലയ്ക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ 6.30 ഓടെ കാവാലത്തെ പള്ളിയിലേക്ക് കുർബാനക്കു പോകാൻ ഇറങ്ങിയതായിരുന്നു.
വീടിനു സമീപത്തെ പാലം കയറി പാടത്തിനു നടുവിലുള്ള റോഡിലൂടെ നടന്നു നീങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നു കരുതുന്നു. രാവിലെ ഇതുവഴി വന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. കൈനടി പോലീസ് എത്തി മൃതദേഹം നീക്കി മേൽ നടപടികൾ സ്വീകരിച്ചു. ബിനോയ്, ബിൻസി എന്നിവർ മക്കളാണ്.
ട്രാക്ടർറോഡ് പൂർത്തിയാക്കിയിരുന്നെങ്കിൽ…
ആലപ്പുഴ: വള്ളത്തിൽ മറുകരയിറങ്ങിയാണ് ബേബിച്ചനും വത്സമ്മയും സാധാരണ പള്ളിയിൽ പോകാറുണ്ടായിരുന്നത്. ഇന്നലെ മക്കളുടെ സാന്നിധ്യത്തിൽ പിറന്നാൾകേക്കൊക്കെ മുറിച്ച് രാത്രി വൈകി ഉറങ്ങാൻ കിടന്നതിനാൽ ഇന്നുരാവിലെ ബേബിച്ചൻ പള്ളിയിൽ പോയില്ല.
ബണ്ടിലൂടെ കിഴക്കോട്ടു നടന്നുപോകുന്നത് ബുദ്ധിമുട്ടായതിനാൽ, തോടിനുകുറുകെയുള്ള പുതിയപാലത്തിലൂടെ മെയിൻ റോഡിലേക്കു നടന്നുപോകുന്പോഴാണ്, കോഴിച്ചാൽ തെക്കുപാടശേഖരത്തിന്റെ മോട്ടോർപുരയ്ക്കു സമീപം വത്സമ്മ വെള്ളത്തിലേക്കു വീണത്.
കോഴിച്ചാൽ വടക്കുപാടശേഖരത്തിന്റെ തെക്കേബണ്ടിൽ കൃഷ്ണപുരംതോടിന്റെ കരയിലാണ് ഇവരുടെ വീട്. ബണ്ടിലൂടെയുള്ള നടവഴി പലഭാഗങ്ങളിലും കൽക്കെട്ടുപൊളിഞ്ഞിളകി സഞ്ചാരയോഗ്യമല്ലാതായിട്ട് പതിറ്റാണ്ടുകളായി. ഒരാൾക്കുപോലും സുരക്ഷിതമായി നടന്നുനീങ്ങാനുള്ള വീതിപോലും ഈ നടപ്പാതയ്ക്കില്ല.
കൽക്കെട്ടുയർത്തി നടപ്പാതകോണ്ക്രീറ്റുചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും മുടങ്ങിക്കിടക്കുന്ന ട്രാക്ടർറോഡിന്റെ നിർമാണം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരവധിതവണ നാട്ടുകാർ അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടികളുണ്ടാകുന്നില്ലെന്നാണ് അവരുടെ പരാതി.