കോട്ടയം: വീടിനുള്ളിൽ അമ്മയുടെയും മകളുടെയും രണ്ടു ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പാന്പാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പാന്പാടി വെള്ളൂർ പൊന്നപ്പൻസിറ്റി മണ്ണുകുളങ്ങര പരേതനായ വൽസമ്മ (80), മകൾ മിനി (50) എന്നിവരെയാണ് ബുധനാഴ്ച രാത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാലാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്. വത്സമ്മയെ കൊലപ്പെടുത്തിയശേഷം മകൾ മിനി തൂങ്ങി മരിച്ചതാണോ, ഇരുവരും ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ പോലീസിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.
വൽസമ്മയുടെ കൈയിലെ ഞരന്പ് മുറിച്ച നിലയിലും മിനിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയിരുന്നത്. വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം വത്സമ്മ മരിച്ചത് രക്തം നഷ്്ടപ്പെട്ടതു മൂലം ശ്വാസം കിട്ടാതെയോ ഹൃദയാഘാതം മൂലമോ ആണെന്നാണ് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടെന്ന് പോലീസ് പറഞ്ഞു.
കൈയിലെ മുറിവ് മരണത്തിനു കാരണമാകുന്നതല്ലെങ്കിലും ഈ മുറിവിലൂടെ രക്തം നഷ്്ടപ്പെട്ടാൽ മരണം സംഭവിക്കാമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മൃതദേഹം കണ്ടെത്തിയതിനു സമീപത്ത് നിന്നു തന്നെ മിനി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും അമ്മയുമായി പോകുന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. അമ്മയും മകളും തനിച്ചു താസിച്ചിരുന്ന വീട്ടിൽ രണ്ടുദിവസമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നതും പത്രങ്ങൾ വീടിനു പുറത്ത് കിടന്നിരുന്നതു കണ്ടു സംശയം തോന്നിയ അയൽവാസികൾ വിവരം പോലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.