തലശേരി: ശബരിമല അക്രമസംഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള നിബന്ധനകളിൽ ജാമ്യം അനുവദിച്ചത്. വൽസൻ തില്ലങ്കേരി എഡിജിപിയെന്നും പ്രകാശ് ബാബുവും കെ.സുരേന്ദ്രനും ഐജിമാരെന്നും വിശേഷിപ്പിച്ചായിരുന്നു പ്രോസിക്യൂഷൻ വാദം.
ഈ തസ്തികകൾ നിശ്ചയിച്ചാണ് ശബരിമലയിൽ ക്രിമിനൽ ഗൂഡാലോചന നടത്തിയിട്ടുള്ളതെന്നും കേസിലെ മുഖ്യപ്രതിയായ വൽസൻ തില്ലങ്കേരിക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് നേതാവ് വത്സന് തില്ലങ്കേരി തലശേരി പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതിയില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യഹർജിയിൽ നടന്ന വാദത്തിലാണ് ഗൂഡാലോചന സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പരാമർശിച്ചു കൊണ്ട് വൽസൻ തില്ലങ്കേരിയുടെ എഡിജിപി പോസ്റ്റിനെ കുറിച്ച് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്.
ഗുഡാലോചന സംബന്ധിച്ച തെളിവുകളിൽ നടപ്പന്തലിൽ ഇരുന്ന് ചർച്ച നടത്തുന്ന ഫോട്ടോ ഉണ്ട്. മറ്റ് നാല് പ്രതികൾക്കും ഒന്നാം പ്രതിയുമായി ബന്ധമുണ്ട്. വൽസൻ തില്ലങ്കേരി പോലീസിന്റെ മൈക്ക് വാങ്ങി സംസാരിച്ചതോടെ അക്രമികൾ നിശബ്ദരായി.ഇതിനർത്ഥം പ്രതിക്ക് സംഭവത്തിൽ നേതൃത്വപരമായ പങ്കുണ്ടെന്നാണ്.
മാത്രവുമല്ല ഈ കേസിലെ മറ്റൊരു പ്രതിയായ സുരേന്ദ്രന് ജാമ്യം നൽകിയ കോടതി സംഭവത്തിൽ സുരേന്ദ്രന് പങ്കില്ലായെന്നു പറയുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ചിട്ടുണ്ട്. നിലവിൽ മറ്റൊരു ക്രിമിനൽ ഗൂഡാലോചന കേസിൽ വൽസൻ വിചാരണ നേരിടുന്നുണ്ട്. വേറെയും കേസുകളിൽ ഇയാൾ പ്രതിയാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രതിക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് ബി.പി.ശശീന്ദ്രൻ കോടതിയിൽ പറഞ്ഞു.
കുഞ്ഞിന് ചോറൂണിനെത്തിയ മൃദുല്‍ കുമാറിനെയും വല്യമ്മയെയും നവംബര്‍ അഞ്ചിന് തടഞ്ഞുവെച്ച് ആക്രമിച്ച സംഭവത്തില്‍ വത്സനെതിരെ സന്നിധാനം പോലീസാണ് കേസെടുത്തത്. വത്സനും ബിജെപി ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ ഗൂഡാലോചനകുറ്റമാണ് ചുമത്തിയിരുന്നത്. അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സുരേന്ദ്രന് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.