തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ നിന്നത് അറിവില്ലായ്മകൊണ്ടെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. പടികയറിയ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതിന് അയ്യപ്പൻ തന്നോട് ക്ഷമിക്കട്ടെയെന്നും തില്ലങ്കേരി ചാനൽ ചർച്ചയിൽ പറഞ്ഞു.
ആർഎസ്എസ് നേതാവും ദേവസ്വം ബോർഡ് അംഗവും ഇരുമുടിക്കെട്ടില്ലാതെ പടികയറിയതു വിവാദമായിരുന്നു. ചിത്തിര ആട്ടത്തിരുനാൾ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴാണു ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസും തില്ലങ്കേരിയും ആചാരലംഘനം നടത്തിയത്.
വത്സൻ തില്ലങ്കേരി പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നു പ്രസംഗിക്കുകയും ചെയ്തു. ചോറൂണിനെത്തിയ അന്പത് വയസ് കഴിഞ്ഞ സ്ത്രീകൾക്കു നേരെ പ്രതിഷേധക്കാർ സംഘടിച്ചപ്പോൾ പ്രവർത്തകരോടു ശാന്തമാകാൻ പോലീസിന്റെ മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വത്സൻ തില്ലങ്കേരി വാദിക്കുന്നത്.
ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാരലംഘനമാണെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര് സമ്മതിച്ചിരുന്നു. ആചാരപ്രകാരം തന്ത്രിക്കും മേൽശാന്തിക്കും പന്തളം കൊട്ടാര പ്രതിനിധികൾക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ.
ബാക്കി എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാൻ. ആചാര ലംഘനം നടന്നതായി ബോധ്യപ്പെടുകയോ പരാതിവരികയോ ചെയ്താൽ പരിഹാരക്രിയകൾ ചെയ്യുമെന്നും തന്ത്രി അറിയിച്ചു.