തിരുവനന്തപുരം: ശബരിമലയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പോലീസിന്റെ മൈക്ക് കൈമാറിയതിനെ ന്യായികരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി. അനിൽ അക്കരയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ അൻപത്തിരണ്ട് വയസ്സുള്ള സ്ത്രീ എത്തിയ സമയം പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ ശാന്തമാക്കാനാണ് പോലീസിന്റെ മൈക്ക് ആ സമയം വത്സൻ തില്ലങ്കേരിക്ക് നൽകിയത്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ അനുയായികൾക്കു നിർദേശം നൽകണമെന്ന് വൽസൻ തില്ലങ്കേരിയോട് പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനത്തിനു നിയോഗിക്കപ്പെട്ടവരല്ലാതെ മറ്റാരെങ്കിലും ശബരിമലയില്‍ ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.