കൊച്ചി: ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പരീക്ഷകളുടെ മൂല്യനിര്‍ണയ വേതനം ഇതുവരെ ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ക്കിടയില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ വര്‍ഷം മൂല്യ നിര്‍ണയം നടന്ന 80 ക്യാമ്പുകളിലെ നാലിലൊന്ന് അധ്യാപകര്‍ക്കാണ് വേതനം ലഭിക്കാത്തത്.
ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷ മൂല്യനിര്ണയത്തിയത്തിന്റേയും ഇന്വിജിലേഷന് ഡ്യൂട്ടിയുടേയും പ്രതിഫലം അധ്യാപകര്‍ക്ക് പൂര്‍ണമായും നല്‍കാത്തതിനാലാണ് എയ്ഡഡ് ഹയര്‍ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനിലെ പ്രതിഷേധം ശക്തമായിരിക്കുന്നത്. പ്രായോഗിക പരീക്ഷയുടേതടക്കം പരീക്ഷ മൂല്യനിര്‍ണയത്തിന്റെ പ്രതിഫലമാണ് ഇനിയും തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് അധ്യാപകര്‍ പറയുന്നത്. 2023 ഏപ്രില്‍, മേയ് മാസങ്ങളിലായാണ് സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി ഹയര്‍ സെക്കൻഡറി പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം നടന്നത്. ഒരു വര്‍ഷം പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പൂര്‍ണമായും പ്രതിഫലം നല്കാത്തതിനാല് പല തവണ അധ്യാപകര്‍ പ്രതിഷേധം അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നു പറയുന്നു.
ഒരു പേപ്പറിന് 8.50 രൂപ പ്രകാരം 30 പേപ്പറുകളാണ് ഒരു ദിവസം മൂല്യനിര്‍ണയം നടത്തേണ്ടത്. ചില വിഷയങ്ങളുടെ മൂല്യനിര്‍ണയം മൂന്നോ നാലോ ദിവസങ്ങള്‍ക്കകം പൂര്‍ത്തിയായിരുന്നു. ഈ അധ്യാപകര്‍ക്ക് മൂല്യനിര്‍ണയം വേതനം ലഭിക്കുകയുമുണ്ടായി. എന്നാല്‍, ഇംഗ്ലീഷ്, മലയാളം ഉള്‍പ്പെടെ മറ്റ് പല വിഷയങ്ങളുടെയും മൂല്യനിര്‍ണയത്തിന് സാധാരണഗതിയില്‍ ദിവസങ്ങളോളം എടുക്കേണ്ടിവരും. ശമ്പള സ്കെയില്‍ അനുസരിച്ചാണ് അധ്യാപകരുടെ ഡിഎ നിശ്ചയിക്കുന്നതും.
ഈ അധ്യാപകര്‍ക്കാണ് പ്രതിഫം ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ഉയരുന്നത്. വിദ്യാര്‍ഥികളില്‍നിന്നും പരീക്ഷാ ഫീസിനത്തില്‍ ഈടാക്കുന്ന തുകയില്‍ നിന്നും 30.4 കോടി രൂപ അനുവദിക്കേണ്ടതില്‍ കേവലം 18 കോടി രൂപ മാത്രമാണ് 80 മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്.
ഇനിയും 12 കോടി രൂപ അനുവദിച്ചാല്‍ മാത്രമാണ് മൂല്യനിര്‍ണയ വേതനം പൂര്ത്തീകരിക്കാനാവുകയുള്ളൂവെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് (എഎച്ച്എസ്ടിഎ) സംസ്ഥാന പ്രസിഡന്റ് ആര്. അരുണ്‍ കുമാറും ജനറല്‍ സെക്രട്ടറി എസ്. മനോജും പറഞ്ഞു. ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
സീമാ മോഹൻലാൽ