തൃശൂർ: തൃശൂരിൽ നിന്നും വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. 55കാരിയും ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. ഒല്ലൂരിൽ നിന്ന് പുറപ്പെട്ട ബസ് തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് മറിഞ്ഞത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
സംഭവസമയം 51 യാത്രക്കാർ ബസിലുണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിയതിനാലാകം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെവി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.