ഗോദയിലൂടെ ബേസില്‍ ജോസഫ് മലയാള സിനിമയിലേക്കും കൊണ്ടുവന്ന നടിയാണ് വാമിഖ ഗബ്ബി. പിന്നാലെ 9 എന്ന ചിത്രത്തിലും അഭിനയിച്ചു. പഞ്ചാബ് സ്വദേശിയായ വാമിഖ ബോളിവുഡിലും പഞ്ചാബ് സിനിമയിലുമെല്ലാം സാന്നിധ്യം അറിയിച്ചശേഷമാണ് മലയാളത്തിലെത്തുന്നത്. സിനിമകളിലും സീരീസുകളുമെല്ലാം അഭിനയിച്ച് കൈയടി നേടിയിരിക്കുകയാണ് വാമിഖ.
2007 ല്‍ പുറത്തിറങ്ങിയ ജബ്ബ് വീ വെറ്റ് എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തു കൊണ്ടായിരുന്നു വാമിഖയുടെ അരങ്ങേറ്റം. പിന്നീട് തു മേര 22 മേം തേര 22, ഇഷ്ഖ് ബ്രാന്‍ഡി, നിക്ക സലിദാര്‍ 2, ദില്‍ ദ്യാന്‍ ഗല്ലാന്, നിക്ക സലിദാര്‍ 3 തുടങ്ങിയ ഹിറ്റ് പഞ്ചാബി സിനിമകളുടെ ഭാഗമായി മാറാനും വാമിഖയ്ക്ക് സാധിച്ചിരുന്നു.
പിന്നീടാണ് വാമിഖ ബോളിവുഡില്‍ സജീവമായി മാറുന്നത്. അതേസമയം വാമിഖയ്ക്കു തന്റെ കരിയറില്‍ പലവട്ടം അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. താരപുത്രിയല്ലാത്തതിന്റെ പേരിലായിരുന്നു വാമിഖയ്ക്ക് അവസരം നഷ്ടപ്പെട്ടത്.
ഇപ്പോഴിതാ ഒരു സിനിമയ്ക്കായി തന്നെ പുറത്താക്കിയൊരു അനുഭവം പങ്കുവയ്ക്കുകയാണ് വാമിഖ. ഓഡിഷനിലൂടെയായിരുന്നു അവസരം ലഭിച്ചത്. ഓഡിഷന് നന്നായി ചെയ്യുകയും തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷംതന്നെ ആ ചിത്രത്തില്‍നിന്നു പുറത്താക്കി. താന്‍ പ്രശസ്തയല്ലെന്നതായിരുന്നു കാരണം.
നിര്‍മാതാക്കള്‍ക്ക് ആവശ്യം പ്രശസ്തയായൊരു നടിയെയായിരുന്നുവെന്നും വാമിഖ പറയുന്നു. പിന്നീട് ആ സിനിമ താന്‍ കണ്ടുവെന്നും തനിക്ക് പകരം ഒരു താരപുത്രിയെയാണ് അവര്‍ നായികയാക്കിയതെന്നും വാമിഖ പറയുന്നു. വാമിഖയുടെ വീഡിയോ വൈറലായി മാറുകയാണ്.
നിരവധി പേരാണ് ബോളിവുഡിലെ നെപ്പോട്ടിസത്തെ വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുന്നത്. കരണ്‍ ജോഹറിനെ പോലെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വാമിഖയെ പോലെയുള്ളവരെ അവഗണിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. കഴിവുള്ളവരെ അവഗണിച്ച് അഭിനയിക്കാന്‍ അറിയാത്ത താരപുത്രിമാരെയാണ് ബോളിവുഡ് തെരഞ്ഞെടുക്കുന്നതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.