അമരവിള: ലോകത്തെ ഏറെ ആശങ്കയുടെ മുൾമുനയിൽ നിറുത്തിയ വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണം നെയ്യാറ്റിൻകര മാരായമുട്ടത്തും ഉണ്ടായി. കരമന പോലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായമുട്ടം അജ്ഞനത്തിൽ മധുമോഹന്റെ വീട്ടിലെ കംപ്യൂട്ടറിലാണ് അപകടകാരിയായ വാനക്രൈ റാൻസംവെയർ കണ്ടെത്തിയത്.
കേരളത്തിലെ വിവിധ പഞ്ചായത്തുകളിലും സർക്കാർ സ്ഥാപനങ്ങളിലും വാനക്രൈ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പേഴ്സണൽ കംപ്യൂട്ടറിലെ ആക്രമണം ഇതാദ്യമായെന്നാണ് സൈബർ വിദഗ്ദരുടെ നിഗമനം .
ഇന്നലെ ഉച്ചയോടെ മധുമോഹന്റെ മകൾ അജ്ഞന പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് കംപ്യൂട്ടറിൽ പ്രോജക്ട് ചെയ്യുന്നതിനിടയിലാണ് കംപ്യൂട്ടറിലെ പ്രോഗ്രാമുകളുടെ പ്രവർത്തനം നിലക്കുകയും വനാക്രൈയുടെ പേജ് ഡെസ്ക് ടോപ്പിൽ പ്രത്യക്ഷമാവുകയും ചെയ്തത്.കംപ്യൂട്ടറിലെ പ്രോഗ്രാമുകൾ നിശ്ചലമായതിനൊപ്പം ഡെസ്ക്ടോപ്പിലുണ്ടായിരുന്ന ഫയലുകളും ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലായി. കംപ്യൂട്ടറിൽ വാനാക്രൈ ബാധിച്ചത് മുതൽ ഡേറ്റും സമയവും സൂചിപ്പിച്ച് കൊണ്ടുളള കൗണ്ഡൗണും അരംഭിച്ചിട്ടുണ്ട് .
22 ാം തിയതി 12.53 നുളളിൽ 300 ഡോളർ നൽകിയാൽ കംപ്യൂട്ടർ പഴയ സ്ഥിതിയിലാവുമെന്നും സമയ പരിധിക്ക് ശേഷം ഇരട്ടിതുകയാകുമെന്നും സന്ദേശത്തിൽ പറയുന്നു. 26 വരെ പണം അടച്ചില്ലെങ്കിൽ കംപ്യൂട്ടറിലെ ഫയലുകൾ പൂർണമായും നഷ്ടപ്പെടുമെന്നും സന്ദേശത്തിലുണ്ട്.
മധുമോഹന്റെ മക്കളുടെ വിദ്യാഭ്യാസ സംബന്ധമായ ഫയലുകളാണ് കംപ്യൂട്ടറിൽ കൂടുതലുമുള്ളത്. സംഭവം അറിഞ്ഞ ഉടൻ തന്നെ മാരായമുട്ടം പോലിസിലും സൈബർ സെല്ലിലും മധുമോഹൻ പരാതി നൽകി . ഓപ്പറേറ്റിംഗ് സിസ്റ്റമായി വിഡോസ് സെവൻ ആണ് കംപ്യൂട്ടറിൽ ഉപയോഗിക്കുന്നത് .