പേരാമ്പ്ര: കാട്ടുനീതി നടപ്പാക്കി കൃഷിഭൂമികൾ കൈപ്പിടിയിലൊതുക്കാൻ വനപാലകർ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വരുന്നത് മലയോര ജനതയെ ആശങ്കയിലാഴ്ത്തുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി, പേരാമ്പ്ര, നാദാപുരം നിയോജക മണ്ഡലങ്ങളിൽപ്പെട്ട മലയോര കർഷക കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന പുതിയ നീക്കങ്ങളെ പ്രതിരോധിക്കാൻ കർഷക ജനതയും തയാറാവുകയാണ്.
വനാതിർത്തിയിൽ പുഴ പുറമ്പോക്ക് ഭൂമിയുടെ അതിര് നിശ്ചയിച്ചു റവന്യു വകുപ്പ് ഒട്ടേറെ വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച കല്ലുകൾ പിഴുതുമാറ്റി കർഷകരുടെ കൃഷിഭൂമികൾ വെട്ടിപ്പിടിക്കാൻ പുതിയ അളവുകളും അടവുകളുമായി വനംവകുപ്പ് രംഗത്തുവന്നതാണു കർഷകരോഷ മുയർത്തിയിരിക്കുന്നത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്ന പുഴകളുടെ ഓരങ്ങളിൽ കുടുംബസമേതം പാർക്കുന്ന നിരവധി പേർ കടുത്ത ആശങ്കയിലാണ്.
അധ്വാനിച്ചുണ്ടാക്കിയ കൃഷിയും ഭൂമിയും വക്രബുദ്ധിയിലൂടെ തട്ടിയെടുക്കാൻ തക്കം പാർത്തിരിക്കുന്നവർ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. ചെമ്പനോട, പൂഴിത്തോട്, മുതുകാട് മേഖലകൾ വനത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ദുഷ്ടലാക്കോടെയുള്ള കരുനീക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. ഇവിടെ കർഷകനു എന്നും ഭീഷണിയായ വന്യമൃഗശല്യത്തിനറുതി വരുത്താൻ ഉദ്യോഗസ്ഥർ ആത്മാർത്ഥമായ ശ്രമം നടത്താതിരിക്കുന്നത് ഇതിനുദാഹരണമാണ്. പൂഴിത്തോട്ടിൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലേക്കെത്തിച്ച് ഇവിടം കാടിന്റെ ഭാഗമാക്കി മാറ്റാനുള്ള വനംവകുപ്പിന്റെ നീക്കം വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു.
രണ്ടാം ചീളി മുതൽ മേൽഭാഗത്തുണ്ടായിരുന്ന നൂറിൽപ്പരം കുടുംബങ്ങൾ കനകം വിളയുന്ന മണ്ണ് ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടിപ്പോയിരിക്കുന്നു. ഈ മണ്ണ് വനം വകുപ്പ് വില നൽകി ഏറ്റെടുക്കണമെന്നാണു ഭൂ ഉടമകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്. അതേസമയം ഈ പ്രശ്നം വനം വകുപ്പ് രണ്ടാം ചീളിയിലവസാനിപ്പിക്കുകയില്ല. പൂഴിത്തോട്, മാവട്ടം മേഖലകളിലും ചവറംമൂഴിയിലും ചെമ്പനോട,പശുക്കടവ്, മുതുകാട് എന്നിവിടങ്ങളിലും ഉണ്ടാകുമെന്നതിൽ സംശയമില്ല. തലയാട് കക്കയം വിലങ്ങാട് മേഖലകളിലും സ്ഥിതി മറിച്ചല്ല.
പെരുവണ്ണാമൂഴി വനമേഖല മലബാർ വന്യമൃഗസങ്കേതമായി പ്രഖ്യാപിച്ചപ്പോൾ കഥയറിയാതെ ആടിയ മലയോര ജനത കരുതിയത് നാട്ടിൽ വലിയ വികസനം വരാൻ പോകുന്നുവെന്നാണ്. വനത്തിനു വിസ്തൃതി പോരെന്ന കണക്കുകൂട്ടലിലാണു ഇപ്പോൾ വനംവകുപ്പ്. അതാണു കർഷകന്റെ ഭൂമിയും അളന്നു കുറ്റി സ്ഥാപിച്ചു വനത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
അതാണിപ്പോൾ ചക്കിട്ടപാറ പഞ്ചായത്തിലെ കുറ്റ്യാടി പുഴയോര കൃഷിഭൂമികളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. എതിർത്താൽ കള്ളക്കേസിൽ കുടുക്കി വലയ്ക്കാമെന്ന ആത്മവിശ്വാസമാണു അവരെ കാലാകാലമായി ഭരിക്കുന്നത്. കർഷകരെ ഒറ്റികൊടുക്കുന്ന ലോബിയും ഇവർക്കു സഹായകരായുണ്ടെന്ന് കർഷക ജനത ആരോപിക്കുന്നു.