അഗളി: കഞ്ചാവു റെയ്ഡിനു പോയി സൈലന്റ് വാലി വനത്തിൽ കുടുങ്ങിയ വനപാലകസംഘം സുരക്ഷിതരായി തിരിച്ചെത്തി. മുക്കാലി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഘം വനത്തിൽ കടന്നത്.
മൂന്നു സംഘങ്ങളായാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തെരച്ചിലിനിറങ്ങിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബാലമുരളി, പെരുമാൾ എന്നിവരുടെ നേതൃത്വത്തിൽ പുറപ്പെട്ട ഒന്പതു പേർ വീതമടങ്ങിയ രണ്ടു സംഘങ്ങൾ പിറ്റേന്നു തിരിച്ചെത്തിയിരുന്നു. ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ട സംഘം ഗലസി, തുടുക്കി, കടുകുമണ്ണ തുടങ്ങി വിദൂരമേഖലകളിലേക്കാണ് നീങ്ങിയത്.
മുക്കാലിയിൽനിന്നു മുപ്പതു കിലോമീറ്റർ ഉൾവനത്തിലായിരുന്നു തെരച്ചിൽ. വനത്തിലുണ്ടായ ശക്തമായ മഴയും മലമടക്കുകളിലെ നീരൊഴുക്കും മൂലം ഇവർക്കു പുറത്തുകടക്കാൻ പറ്റാതെ വരികയായിരുന്നു.