പയ്യന്നൂര്‍: കുന്നരുവില്‍ ധനരാജ് വധക്കേസിലെ പ്രതി ഓടിച്ചിരുന്ന ടിപ്പര്‍ ലോറി അഗ്നിക്കിരയാക്കി. തീവെപ്പില്‍ ലോറി പൂര്‍ണമായും കത്തി നശിച്ചു.
ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കുന്നരു വടക്കേ ഭാഗം എകെജി സ്റ്റോപ്പിന് സമീപത്തെ ശ്മശാനം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്കാണ് തീവെച്ചത്.
വടക്കേ ഭാഗത്തെ ഒണക്കന്‍ മോഹനന്റെ ഉടമസ്ഥതയിലുള്ള ലോറി പതിവുപോലെ ഇവിടെ നിര്‍ത്തിയിട്ടതായിരുന്നു.
ലോറിയുടെ ഗ്ലാസ് തീപിടുത്തത്തില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന പരിസരവാസികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് ഉടമ മോഹനന് വിവരമറിഞ്ഞത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സും പയ്യന്നൂര്‍ എസ്ഐ അനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസും എത്തുമ്പോഴേക്കും പരിസരവാസികള്‍ വെള്ളമൊഴിച്ച് തീകെടുത്തിയിരുന്നു.
തീവെപ്പില്‍ ലോറിയുടെ കാബിനും എഞ്ചിനുമുള്പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. പെട്ടെന്ന് തീപിടിക്കാനുള്ള ഇന്ധനമൊഴിച്ചാണ് തീവെച്ചതാണെന്ന് കരുതുന്നു.
പിന്നിലെ ടയറുകള്‍ക്ക് മുകളില്‍ ഓലചൂട്ട് കത്തിച്ചുവെച്ച നിലയിലായിരുന്നു.
മഴപെയ്തതു മൂലമാണ് പിന്നിലെ ടയറുകള്‍ കത്താതിരുന്നത്. അഗ്നിക്കിരയാക്കിയ ടിപ്പര്‍ ലോറിയോടിച്ചിരുന്ന ഡ്രൈവര്‍ ജോലിയില്‍നിന്നും ഒഴിവായ സാഹചര്യത്തില്‍ ജോലി ചോദിച്ചെത്തിയ പ്രജിത് ലാലിനെ രണ്ടുദിവസം മുമ്പാണ് ലോറിയോടിക്കാനായി എല്‍പ്പിച്ചതെന്ന് മോഹനന് പറഞ്ഞു.
കുന്നരുവിലെ ഡിവൈഎഫ്ഐ നേതാവ് ധനരാജ് വധക്കേസിലെ പ്രതിയാണ് പ്രജിത് ലാല്‍.
പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. പ്രതികളെ പിടികൂടാൻ ഫോറന്‍സിക്ക് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.