ചാത്തന്നൂർ: നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച്, കുഞ്ഞ് മരിയ്ക്കാനിടയാക്കിയ സംഭവത്തിലെ പ്രതി കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ഫേസ് ബുക്ക് കാമുകനുവേണ്ടിയുള്ള പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
സൈബർ സെൽ മുഖേനയാണ് അന്വേഷണം നടത്തുന്നതെന്നു ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ വൈ. നിസാമുദീൻ പറഞ്ഞു. രേഷ്മയുടെ ബന്ധുക്കളെ സംശയ സ്ഥാനത്തുള്ള മറ്റു ചിലരേയും ചോദ്യം ചെയ്തു തുടങ്ങും.
കഴിഞ്ഞ ജനുവരി നാലിന് രാത്രിയാണു രേഷ്മ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. ഇനിയും കണ്ടിട്ടില്ലാത്ത ഫേസ് ബുക്ക് കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. രേഷ്മ റിമാന്‍ഡിൽ ജയിലിലാണ്.
ഫേസ് ബുക്ക് കാമുകനെ കണ്ടെത്തുന്നതിന് വേണ്ടി രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പോലീസ് പിടിച്ചെടുത്ത് സൈബർ സെല്ലിന് കൈമാറിയിരുന്നു.
രേഷ്മയ്ക്ക് നാല് ഫേസ് ബുക്ക് അക്കൗണ്ടുകളുണ്ടായിരുന്നെന്നും അതിൽ ഒരെണ്ണം ഡിലീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
രേഷ്മയുടെ ഫേസ് ബുക്ക് വിവരങ്ങൾ അന്വേഷിക്കാൻ പോലിസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ട ദിവസം രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ രൺജിത്തിന്റെ ഭാര്യ ആര്യ (23) വിഷ്ണുവിന്റെ സഹോദരി രജിതയുടെ ഇളയ മകൾ ഗ്രീഷ്മ (19) എന്നിവർ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു.