ആലപ്പുഴ: സിനിമാ നിർമ്മാണത്തിനായി യുവാവ് പിരിച്ച് നൽകിയ 1.57കോടികൾ തട്ടിയെടുത്ത പരാതിയിൽ കേസ് എടുത്ത് അന്വേഷിക്കാൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം.
ആലപ്പുഴ വഴിച്ചേരി തൈപറമ്പിൽ വീട്ടിൽ മുഹമ്മദ് സിറാജ് (30) സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ആലപ്പുഴ പുത്തൻവെളി മുഹമ്മദ് ഫിർദോസ് (38), ഇയാളുടെഅമ്മ ഹംസത്ത് ബീവി (57), മരക്കാർ ഫിലിംസ് നിർമാതാവും മുണ്ടക്കയം സ്വദേശിയുമായ ഹാഷിം മരക്കാർ എന്നിവർക്കെതിരെയാണ് മുഹമ്മദ് സിറാജ് പരാതി നൽകിയത്.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പരിചയക്കാരനും പരാതിയിലെ ഒന്നാംപേരുകാരനുമായ മുഹമ്മദ് ഫിർദോസാണ് സിനിമയ്ക്കായി പണം സമാഹരിക്കാൻ പരാതിക്കാരനെ നിർബന്ധിപ്പിച്ചത്.
ആവശ്യമായ പണം കണ്ടെത്താൻ സഹായിച്ചാൽ ആലപ്പുഴയിൽ ഒരു വീടു നിർമിച്ചു നൽകാമെന്നായിരുന്നു ഇയാൾ വാഗ്ദാനം ചെയ്തത്.
ചിത്രീകരണം പൂർത്തിയായാൽ ഉടൻ വീട് നിർമാണത്തിലേക്കു കടക്കുമെന്നും വ്യക്തമാക്കി. വാഗ്ദാനം വിശ്വസിച്ച മുഹമ്മദ് സിറാജും അദ്ദേഹത്തിന്റെ സുഹൃത്തായ ജയ്മോനും ചേർന്ന് മുഹമ്മദ് ഫിർദോസിന് 1.57 കോടി രൂപ വിവിധ സമയങ്ങളിലായി ബാങ്ക് വഴി കൈമാറിയതായി പരാതിയിൽ പറയുന്നു.
ആവശ്യപ്പെട്ട തുക പിരിച്ച് നൽകിയെങ്കിലും സിനിമ പ്രദർശനം നീണ്ടു. തുടർന്ന് കാര്യം അന്വേഷിക്കാൻ മുഹമ്മദ് ഫിർദോസിനെ ഫോണിൽ വിളിക്കുകയും ചെയ്തു.
സിനിമാ റിലീസിംഗിന് കൂടുതൽ സമയം വേണമെന്നും ചെന്നൈയിൽ നിന്നും തിരിച്ചുവന്നതിന് ശേഷം കാണാമെന്നും പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.
2020 ഫെബ്രുവരി അവസാനം പണം തരാമെന്നും വ്യക്തമാക്കി. പിന്നീട് ഇയാളെ ഫോണിൽ വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
രണ്ടും മൂന്നും പ്രതികളെ വിളിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനു ശേഷം മുഹമ്മദ് സിറാജ് നടത്തിയ അന്വേഷണത്തിൽ സിനിമാ ചിത്രീകരണം പൂർത്തിയായെന്നും മനസിലായി.
മനഃപൂർവം പണം തരാതെ ഒളിവിൽ പോയ പ്രതികൾ തന്നെ കബിളിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ആദ്യം നോർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പണം തന്ന് കേസ് ഒത്തുതീർപ്പാക്കമെന്ന വ്യവസ്ഥയിൽ പ്രതികൾ എത്തിച്ചേർന്നതോടെ കേസെടുക്കാൻ പോലീസ് വിസമ്മതിച്ചു.
എന്നാൽ പിന്നീട് പണം ലഭിച്ചില്ല. വീണ്ടും പരാതി നൽകിയെങ്കിലും രണ്ടാം പ്രതിമാത്രമാണ് ഹാജരായത്.
പ്രതികൾ രക്ഷപ്പെടാൻ സാഹചര്യമുണ്ടെന്നു മനസിലാക്കിയ പരാതിക്കാരൻ കോടതിയെ സമീപിച്ച് പോലീസ് അന്വേഷണം സംബന്ധിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.