എ.ജെ. വിൻസൻ
തൃപ്രയാർ (തൃശൂർ): രാഹുൽ ഗാന്ധി തൃപ്രയാറിൽ പ്രസംഗിക്കുന്നതു കടലിന്റെ പശ്ചാത്തലത്തിൽ തുഴകളും വലകളുമുള്ള പരന്പരാഗത വഞ്ചിയിൽ. 60 അടി നീളമുള്ള വഞ്ചിയുടെ പണി ഇന്നലെ വൈകീട്ടും പുരോഗമിക്കുകയാണ്.
അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ മത്സ്യതൊഴിലാളി പാർലമെന്റ് നാളെ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത് തൃപ്രയാർ ടിഎസ്ജിഎ ഇൻഡോർ സ്റ്റേഡിയത്തിലൊരുക്കുന്ന പരന്പരാഗത വഞ്ചിയിലാണ്.
ഈ വഞ്ചിസ്റ്റേജിൽ 25 പേർക്ക് ഇരിപ്പിടമുണ്ടാകും. രാവിലെ എട്ടുമുതൽ ഒന്‍പതുവരെയാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ വ്യക്തമാക്കി. 9.30ന് രാഹുൽ ഗാന്ധി സ്റ്റേഡിയത്തിലെത്തും.
സ്റ്റേഡിയത്തിന്റെ പുറത്തു വലിയ പന്തലിന്റെ നിർമാണം പൂർത്തിയായി.വാഹന പാർക്കിംഗിനു വേണ്ടിയാണിത്. ടിഎസ്ജിഎ കവാടം, തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരം എന്നിവടങ്ങളിൽ കവാടങ്ങളും ഉയർത്തി. റോഡിനിരുവശവും രാഹുൽ ഗാന്ധിക്കു സ്വാഗതവുമായി കട്ടൗട്ടുകളും കൊടിതോരണങ്ങളും നിറഞ്ഞു. സ്റ്റേഡിയവും പരിസരവും ദേശീയ സുരക്ഷാവിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്.