സ്വന്തം ലേഖകൻ
തൃശൂർ: “വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ’ എന്ന പഴഞ്ചൊല്ല് തൃശൂർ വഞ്ചിക്കുളം പദ്ധതിയെ സംബന്ധിച്ച് അന്വർഥം. മൂന്നു കോടി രൂപ ചെലവിൽ വഞ്ചിക്കുളത്തിന്റ പഴയകാല സ്മരണകൾ പുതുക്കി ആധുനിക രീതിയിൽ വഞ്ചിക്കുളം പദ്ധതി അവസാന ഘട്ടത്തിലെന്നു കോർപറേഷൻ പറയാൻ തുടങ്ങിയിട്ടു നാളുകളായി. പക്ഷേ, ഇപ്പോഴും വഞ്ചിക്കുളം പായൽമൂടി പ്രദേശം കാടുപിടിച്ചാണു കിടക്കുന്നത്. വേണ്ടത്ര മാലിന്യനിക്ഷേപവുമുണ്ട്.
വഞ്ചിക്കുളം വികസിപ്പിച്ച് ബോട്ടിംഗ് ഉൾപ്പെടെയുള്ള വിവിധ ടൂറിസം പദ്ധതികളും പാർക്കും വാക്കിംഗ് സ്ട്രീറ്റും ഉടൻ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ടൂറിസം മന്ത്രിയായിരുന്ന കടകംപിള്ളി സുരേന്ദ്രനാണു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഒന്നാംഘട്ട നിർമാണം പൂർത്തിയായെന്നാണു പറച്ചിൽ.
പക്ഷേ വഞ്ചിക്കുളത്തു ചെന്നാൽ ഇപ്പോഴും പഴയപടി കുളത്തിൽ പായൽ നിറഞ്ഞുകിടക്കുകയാണെന്നു മാത്രം. രണ്ടാം ഘട്ടം ആരംഭിച്ചെന്നും മൂന്നാം ഘട്ടവും നാലാം ഘട്ടവും ടെൻഡർ നടപടികളിലാണെന്നും പറയുന്നു.ജലസ്രോതസുകളെ പരിഷ്കരിച്ച് മഴക്കാല ടൂറിസം പദ്ധതിയായാണു നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ 400 മീറ്റർ തോട് വീതിയും ആഴവും കൂട്ടി വശങ്ങൾ കെട്ടിയെടുത്തു. ടൂറിസം ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് ബോട്ടുജെട്ടിയും ബോട്ടിംഗ് സംവിധാനവും ഒരുക്കും. മോട്ടോർ ബോട്ടുകൾ, പെഡസ്ട്രിയൻ ബോട്ടുകൾ എന്നിവ ഒരുക്കുമെന്നൊക്കെയാണു വാഗ്ദാനം.
എന്നാൽ, പായലും കാടുമൊക്കെ കളഞ്ഞ് കുളമെങ്കിലും ഒന്നു വൃത്തിയാക്കുമോ എന്നാണു ജനങ്ങൾ ചോദിക്കുന്നത്. വഞ്ചിക്കുളം പദ്ധതി നടപ്പായാൽ ജലഗതാഗതത്തിനും സാധ്യത ഏറെയാണ്. ഇവിടെ പാർക്ക് വിപുലീകരണത്തിനും പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പടെ വഞ്ചിക്കുളം ടൂറിസ്റ്റ് പദ്ധതിക്കായി രണ്ടേക്കർ ഭൂമി സ്വകാര്യ വ്യക്തി സൗജന്യമായി നൽകാമെന്നും കോർപറേഷനെ അറിയിച്ചിരുന്നു.