കൊല്ലം: സ്ഥിരമായി വൈകി ഓടുന്ന ഇന്റർസിറ്റി എക്സ്പ്രസിനെ കടത്തിവിടാനായി വഞ്ചിനാട് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നു.രാവിലത്തെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് മിക്ക ദിവസവും അര മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്.
അതേസമയം കൃത്യമായി ഓടുന്ന എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിനെ പല സ്റ്റേഷനിലും പിടിച്ചിട്ട ശേഷം ഇന്റർസിറ്റി കടത്തി വിടുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. വഞ്ചിനാടിലെ യാത്രക്കാർ പല സ്റ്റേഷനുകളിലും വണ്ടി പുറപ്പെടുന്നതും കാത്തുകിടക്കേണ്ട അവസ്ഥയാണ്.
ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവിഷണൽ റെയിൽവേ മാനേജർക്ക് അടക്കം നിവേദനം നൽകിയെങ്കിലും അനുകൂലമായ ഒരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല.
മിക്ക ദിവസവും വഞ്ചിനാട് എക്സ്പ്രസ് രാവിലെ കൃത്യസമയത്തും ഏതാനും മിനിട്ടുകൾക്ക് മുമ്പും കായംകുളം സ്റ്റേഷനിൽ എത്താറുണ്ട്. പിന്നീട് ഇന്റർസിറ്റി എക്സ്പ്രസ് കടന്നു പേകാനായി അര മണിക്കൂറോളം വഞ്ചിനാട് കായംകുളത്ത് നിർത്തിയിടുകയാണ് പതിവ്.
റെയിൽവേയുടെ ഈ അശാസ്ത്രീയ നടപടിയുടെ ഫലമായി ഇന്റർസിറ്റിയും വഞ്ചിനാടും തിരുവനന്തപുരത്ത് വൈകിയാണ് എത്തുന്നത്. കൃത്യമായി ഓടുന്ന വഞ്ചിനാടിനെ വഴിയിൽ പിടിച്ചിടാതെ തിരുവനന്തപുരത്തിന് പോകാൻ സൗകര്യം ഒരുക്കിയാൽ ഉദ്യോഗസ്ഥരും വിദ്യാർഥികളും അടക്കമുള്ള നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകും.
വൈകിയെത്തുന്ന എക്സ്പ്രസ് ട്രെയിനിനെ കടത്തിവിടാനായി മറ്റൊരു എക്സ്പ്രസ് ട്രെയിൻ പല സ്റ്റേഷനുകളിൽ നിർത്തിയിടുന്നത് റെയിൽവേ അധികൃതർ യാത്രക്കാരോട് കാണിക്കുന്ന വലിയ ക്രൂരതയാണ്. ഇന്റർസിറ്റി കടന്നു പോകുന്നതിനായി വഞ്ചിനാട് കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട് എന്നിവിടങ്ങളിൽ അടക്കം നിർത്തിയിടുന്നത് നിത്യ സംഭവമായി മാറിയിരിക്കയാണ്.
പിന്നീട് കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലും വഞ്ചിനാടിലെ യാത്രക്കാരുടെ അവസ്ഥ ഇത് തന്നെ. ഇന്റർസിറ്റി എത്ര വൈകിയാലും അതിന് പിന്നിൽ മാത്രമേ വഞ്ചിനാടിനെ കടത്തിവിടുകയുള്ളൂ എന്ന നിലപാടിലാണ് അധികൃതർ. ഇതുകാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കോട്ടയം മേഖലയിൽ നിന്ന് തിരുവനന്തപുരത്തിന് പോകുന്ന യാത്രക്കാരാണ്. ഇവരുടെ പ്രതിഷേധം ശക്തമായിട്ടും അധികൃതർക്ക് കുലുക്കമൊന്നും ഇല്ല.
ഇന്നലെയും വഞ്ചിനാട് അര മണിക്കൂർ കായംകുളത്ത് നിർത്തിയിട്ടു. രാവിലെ 7.20ന് കായംകുളത്ത് എത്തിയ വണ്ടി ഇന്റർസിറ്റി കടന്ന് പോയശേഷം 7.51നാണ് പുറപ്പെട്ടത്. ഇത് ഇനിയും ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വഞ്ചിനാടിലെ യാത്രക്കാർ.
സ്വന്തം ലേഖകൻ