ചെങ്ങന്നൂർ: കാണാതായ വണ്ടിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭിന്നശേഷിക്കാരനും ക്ഷീരകർഷകനും ക്രൂര മർദനമേറ്റ സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ നാലു ദിവസത്തിനു ശേഷം പിടികൂടി.
ഇടനാട് പൊറത്തോത്ത് വീട്ടിൽ വേടൻ സജി എന്നറിയപ്പെടുന്ന സജി(52)യെയാണ് ചെങ്ങന്നൂർ പോലിസ് അറസ്റ്റു ചെയ്തത്.
ചെങ്ങന്നൂർ നഗരസഭ എട്ടാം വാർഡിൽ ഇടനാട് പടിഞ്ഞാറ് കൊല്ലിരേത്ത് വടക്കേതിൽ ക്ഷീരകർഷകനായ അരവിന്ദാക്ഷൻ (53), ഭിന്നശേഷിക്കാരനായ സുഹൃത്തും സമീപവാസിയുമായ കൈതക്കാട്ടിൽ ഹരികുമാർ (57) എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണത്തിൽ ഭിന്നശേഷി ക്കാരനായ ഹരികുമാറിന്റെ ഇടതു കൈയും വലതു കാലും അരവിന്ദന്റെ വലതു കൈയു ഒടിഞ്ഞു. ഇരുവരെയും വാർഡ് കൗൺസിലർ അർച്ചന ഗോപി എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ആറിനു ഉച്ചക്ക് അരവിന്ദാക്ഷൻ തന്റെ വീട്ടുമുറ്റത്തു വച്ചിരുന്ന സ്വന്തം ആക്ടീവ സ്കൂട്ടർ കാണാതായതിനെ തുടർന്ന് പരാതി നൽകി.
രാത്രി വൈകി സ്കൂട്ടർ അങ്ങാടിക്കലിലെ ബാർഹോട്ടലിന്റെ മുറ്റത്ത് കണ്ടെത്തുകയും, വാഹനം കൊണ്ടു വച്ചത് അയൽവാസി കൂടിയായ വേടൻ സജിയാണെന്നും വിവരം ലഭിച്ചു.
കേസ് നൽകിയതിനാൽ സ്വയമേ സ്കൂട്ടർ എടുത്തു കൊണ്ടുവരാൻ അരവിന്ദൻ തയാറായില്ല. വാഹനം കണ്ടെത്തിയ വിവരം പോലിസിൽ അറിയിച്ചു.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും സജിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സംഭവത്തിനു ശേഷം രാത്രി വളരെ വൈകി ആരുമറിയാതെ വാഹനം സജി അരവിന്ദന്റെ വീടിനു സമീപം കൊണ്ടു വച്ചു.
അടുത്ത ദിവസം രാവിലെ ഇതേക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ സജിയുടെ വീട്ടിൽ അരവിന്ദാഷൻ പോയി. ഈ സമയം വാക്കുതർക്കത്തിനിടെ ഇരുവരും തമ്മിൽ ഉന്തുംതള്ളും നടന്നു.
തുടർന്ന് അരവിന്ദാക്ഷൻ മടങ്ങി പോരുകയും ചെയ്തു. എന്നാൽ ഉച്ചയ്ക്ക് രണ്ടോടെ അപ്രതീക്ഷിതമായി ആയുധങ്ങളുമായി സജി, അരവിന്ദാക്ഷന്റെ വീട്ടിൽ എത്തുകയും ആക്രമിക്കുകയുമായിരുന്നു. സജി എത്തുമ്പോൾ അയൽ വാസിയായ ഹരിയും ഇവിടെ ഉണ്ടായിരുന്നു.
അരവിന്ദനെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് ഹരിക്കും മർദനമേറ്റത്. പക്ഷാഘാതത്തെ തുടർന്ന് നേരത്തെ തന്നെ ശരീരത്തിന്റെ ഒരു വശത്തിനു പൂർണമായും തളർച്ച ബാധിച്ച ആളായിരുന്നു ഹരികുമാർ.
ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാനോ എതിരാളിയെ പ്രതിരോധിക്കാനോ ഇദ്ദേഹത്തിനായില്ല.
ഒളിവിൽ പോയ സജിയെ കഴിഞ്ഞ രാത്രി ചെങ്ങന്നൂർ എസ്ഐ എസ്. നിധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. റിമാൻഡ്ചെയ്തു.