കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതകകേസിലെ പ്രതി സന്ദീപിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷനൽകും. പ്രതിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സന്ദീപിന്റെ മൊബൈൽഫോൺ കോടതി മുഖേന ഫോറൻസിക്പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി ഇന്ന് അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും.
ഇതോടൊപ്പം സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ രക്തം, കുത്താൻ ഉപയോഗിച്ച കത്രിക എന്നിവയും ഫോറൻസിക് ലാബിലേക്ക് അയയ്ക്കും.
സംഭവദിവസം സന്ദീപ് മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതുമായിബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്പോൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും.
വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി ഡിഎംഒ ഷാജൻ മാത്യു ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറും.
അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട സംഘം കഴിഞ്ഞദിവസം സംഭവം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി തെളിവുശേഖരണം നടത്തിയിരുന്നു.
അക്രമസംഭവം അരങ്ങേറിയ ഭാഗത്ത് ശാസ്ത്രീയ പരിശോധനകളും നടത്തി. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചിരുന്നു. സന്ദീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ ലഭിക്കുന്ന വിവരങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.