കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു.
റൂറൽ എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ഉന്നതതലങ്ങളിൽനിന്നുള്ള നിർദേശം. പ്രതി സന്ദീപ് ലഹരിക്കടിമയാണെങ്കിലും വ്യക്തമായ തെളിവുകളോ കേസുകളോ ഇല്ലാത്തത് അന്വേഷണവ്യാപ്തി വർധിപ്പിക്കും.
സന്ദീപിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിന്റെ വിവരങ്ങൾ അന്വേഷസംഘം ശേഖരിക്കും. യാതൊരു പ്രകോപനവുമില്ലാതെ യാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. ഇയാളുടെ മാനസിക ആരോഗ്യ റിപ്പോർട്ടും കേസിന് നിർണായകമാണ്.
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ കേസിൽ ആരോഗ്യവകുപ്പ് അന്വേഷണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി 15ന് ആരോഗ്യ ഡയറക്ടറേറ്റിന് നൽകുമെന്നാണ് സൂചന.
ഡെപ്യൂട്ടി ഡിഎംഒ ഷാജൻ മാത്യുവിനാണ് അന്വേഷണ ചുമതല . ഇതിനകം തന്നെ നിരവധിപേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.ഇന്നും മൊഴിയെടുപ്പ് തുടരും.
ഇന്നലെ ആശുപത്രി സൂപ്രണ്ടിന്റെയും ആംബുലൻസ് ഡ്രൈവർമാരുടെയും മൊഴിയെടുത്തു. ഇന്ന് സംഭവസമയത്തെ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചേക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.