കടുത്തുരുത്തി: മകളുടെ ആത്മാവിനു നീതി കിട്ടണം, അതിനായി ഏതറ്റംവരെ പോകുമെന്നും വന്ദനയുടെ മാതാപിതാക്കള്‍. ഡോക്ടര്‍ വന്ദനാദാസിന്റെ വേര്പാടിന് ഒരാണ്ടെത്തുമ്പോഴും മകളുടെ ആത്മാവിനു നീതികിട്ടണമെന്ന ആവശ്യവുമായി പോരാട്ടത്തിലാണു മാതാപിതാക്കള്‍.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ, ലഹരിക്കടിപ്പെട്ട അധ്യാപകന്റെ കുത്തേറ്റു മരിച്ച ഡോ. വന്ദനാ ദാസിന്റെ ദീപ്തമായ ഓര്‍മയ്ക്ക് ഈ മാസം പത്തിന് ഒരു വയസ് തികയുകയാണ്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന.
കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി നോക്കവെ പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മെയ് പത്തിന് പുലര്‍ച്ചെ ഡോ.വന്ദനാ ദാസ് കൊല്ലപ്പെട്ടത്.
ഓമനിച്ചു വളര്‍ത്തിയ ഏകമകളുടെ മരണത്തോടെ രക്ഷിതാക്കള്‍ ഒറ്റയ്ക്കായി. മകളുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്നു ബോധ്യമായതിനാലാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരി ആറിന് ഹര്‍ജി തള്ളി.
വീണ്ടും ഉന്നത നീതിപീഠത്തെ സമീപിക്കുന്നതിനുള്ള തയാറെടുപ്പിലാണു മോഹന്‍ദാസും കുടുംബവും. എഫ്ഐആര്‍ പരിശോധിച്ചപ്പോഴെ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കെ.ജി. മോഹന്‍ദാസ് പറഞ്ഞു. പോലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മകളുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമായെതെന്നാണു മാതാപിതാക്കളുടെ ആരോപണം.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അലംഭാവം കാണിക്കുന്നതായി മനസിലായതിനാലാണു സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചതെന്ന് മോഹന്‍ദാസ് പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരമാണ് പോലീസ് കുറ്റപത്രം കൊട്ടാരക്കര സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
കൊല്ലം ഫസ്റ്റ് അഡീഷണന്‍ ഡിസിട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലവില്‍ നടക്കുന്നത്. ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. തിരുവനന്തുപരത്ത് ജയിലില്‍ കഴിയുന്ന പ്രതിയെ ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതിയാവശ്യപ്പെട്ടിട്ടുണ്ട്.
വിചാരണ കോടതിയിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, നിരപരാധിയായ തങ്ങളുടെ മകളെ കൊന്ന പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നു മോഹന്‍ദാസും വസന്തകുമാരിയും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഇപ്പോഴും മാതാപിതാക്കള്‍ കൈപ്പറ്റിയിട്ടില്ല.