അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിൽ ആവശ്യത്തിന് മരുന്നുകളില്ലാത്തതുമൂലം രോഗികൾ ദുരിതത്തിൽ. സാധാരണ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്ന മരുന്നുകൾ പോലും ഫാർമസിയിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. പാര സെറ്റാ മോൾ, റാൻടെക്, തുടങ്ങിയ വില കുറവുള്ള മരുന്നുകൾ മാത്രമെ ഫാർമസിയിലുള്ളു. ചിലവേറിയ മരുന്നുകളൊന്നും കുറച്ചു നാളായി ലഭിക്കുന്നില്ലെന്നാണ് രോഗികളും, ബന്ധുക്കളും പറയുന്നത്.
സ്പെഷ്യലൈസ്ഡ് മരുന്നുകൾ ഇവിടെ നിന്നും ലഭിച്ചിട്ട് നാളേറെയായി. നെഫ്രോളജി, യൂറോളജി, സർജറി, ഓങ്കോളജി, പീഡിയാക് സർജറി, ന്യൂറോളജി തുടങ്ങിയ ഒ.പി കളിൽ നിന്നും ചീട്ടുമായി ഫാർമസിക്കു മുന്നിൽ നിന്നിട്ട് വെറും കൈയുമായി തിരിച്ച് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നു വാങ്ങി പോകേണ്ട ഗതികേടിലാണ് ഇവിടെയെത്തുന്ന രോഗികൾ.
ഏതൊക്കെ മരുന്ന് സ്റ്റോക്കുണ്ടെന്നറിയാതെ മണിക്കൂറുകൾ ഫാർമസിക്കു മുന്നിൽ വയ്യാത്ത രോഗികളുമായി നില്കേണ്ടി വരുന്നെന്നാണ് രോഗികളെയും കൊണ്ടുവരുന്നവർ പറയുന്നത്. ആവശ്യമായ മരുന്നുകളുടെ വിവരം തിരുവനന്തപുരം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് അയച്ചിട്ടുണ്ടെന്നാണ് ഫാർമസി അധികൃതർ പറയുന്നത്.
കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് മരുന്നുവിതരണം നടത്തുന്നത്. മരുന്നു കന്പനികളിൽ നിന്നും അവർക്ക് മരുന്നു കിട്ടാനുള്ള താമസമാണ് ഫാർമസിയിലെ മരുന്ന് ദൗർലഭ്യത്തിന് കാരണം.ലോക്കൽ പർച്ചെയസ് നടത്തി അത്യാവശ്യമരുന്നുകൾ ലഭ്യമാക്കുന്നുണ്ട്. എങ്കിലും ഇത് തികയില്ല. മൊത്തമായി മരുന്നു ലഭിച്ചാലേ മരുന്നുക്ഷാമം മാറുകയുള്ളുവെന്നും ആശുപത്രി സൂപ്രണ്ട് ആർ.വി.രാംലാൽ പറഞ്ഞു.