അന്പലപ്പുഴ: വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജിൽ പുതുതായി ഒന്‍പതു പിജി സീറ്റുകൾ കൂടി അനുവദിച്ചു. റേഡിയേഷൻ ഓങ്കോളജി -മൂന്ന്, ബയോ കെമിസ്ട്രി-രണ്ട്, മൈക്രോ ബയോളജി-രണ്ട്, റസ്പിറേറ്ററി മെഡിസിൻ-രണ്ട് എന്നിങ്ങനെയാണ് സീറ്റുകൾ അനുവദിച്ചത്.
മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ വിവിധ വിഭാഗങ്ങളിലായി കഴിഞ്ഞ നവംബറിൽ നടത്തിയ പരിശോധയെ തുടർന്നാണ് സീറ്റുകൾ അനുവദിച്ചത്. കോളജിന്റെ മികച്ച നിലവാരവും പഠനത്തിനാവശ്യമായ പശ്ചാത്തല സൗകര്യവും, മതിയായ അധ്യാപക സംവിധാനവും സർക്കാർ ഒരുക്കിയതിനു ശേഷം നടന്ന കൗണ്‍സിൽ പരിശോധനയെ തുടർന്ന് സംഘം പൂർണ സംതൃപ്തി പ്രകടപ്പിപ്പിച്ചിരുന്നു.
തുടർന്നാണ് പിജി സീറ്റുകൾക്ക് അനുമതി നൽകിയത്. മെയ് മാസത്തോടെ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ പിജി സീറ്റുകളിൽ പ്രവേശനം നടത്തും. പിജി സീറ്റുകളുടെ വർധനവോടെ രോഗികൾക്ക് മികച്ച ചികിത്സയും, ബന്ധപ്പെട്ട രംഗങ്ങളിൽ ഗവേഷണം നടത്തുന്നതിനും ഏറെ സൗകര്യം ലഭിക്കും. തൊഴിൽജന്യ രോഗങ്ങളിൽ കൂടുതൽ പഠനവും ഗവേഷണവും നടത്തുക വഴി രോഗികൾക്കും, തൊഴിലിടങ്ങളിലും ജനങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭ്യമാകും.