അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ചു കോടി രൂപ ചെലവിൽ പുതിയ സ്ട്രോക്ക് സെന്ററിന്റെ നിർമാണം രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കണമെന്ന് എച്ച് സലാം എംഎൽഎ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.
മണ്ഡലത്തിലെ ആശുപത്രി, സ്കൂൾ കെട്ടിടങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഎൽഎ ഇക്കാര്യം നിർദ്ദേശിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഇപ്പോൾ സ്ട്രോക്ക് സെന്റർ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യം ലഭിക്കും.
കൂടാതെ ആശുപത്രിയിൽ ആർസിസി മാതൃകയിൽ ഓങ്കോളജി വിഭാഗം ആരംഭിക്കും.ഇതിനായി പ്രത്യേക ബ്ലോക്കും നിർമ്മിക്കും.
ചുറ്റുമതിൽ പൂർത്തിയാക്കി നാല് മാസത്തിനുള്ളിൽ ഇതിന്റെ നിർമാണം ആരംഭിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. പണി തടസപ്പെട്ട ട്രോമാ കെയർ യൂണിറ്റിന്റെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കും.
ഇതോടെ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ കഴിയും. മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പേ വാർഡിനായി പുതിയ കെട്ടിടങ്ങളും നിർമിക്കും.
ഇതിനായി ജനറൽ ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന പേ വാർഡ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി കൈക്കൊള്ളും.
പണം അനുവദിക്കുകയും കോവിഡ് മൂലം നിർമാണം തടസപ്പെടുകയും ചെയ്ത വിവിധ സ്കൂൾ കെട്ടിടങ്ങളുടെ പണിയും സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
4.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ആധുനിക സാംസ്കാരിക സമുച്ചയത്തിന്റെയും മ്യൂസിയത്തിന്റെയും നിർമാണവും വേഗത്തിൽ പൂർത്തിയാക്കാനും എംഎൽഎ നിർദേശിച്ചു.