അമ്പലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നാം നിലയിൽ സി.സി ടി.വി മോണിറ്റർ സ്ഥാപിച്ചത് വിവാദത്തിലെക്ക്.2018 ൽ ആശുപത്രിയിലെ വാർഡുകളിൽ ഉൾപ്പടെ 80 സി .സി ടി.വി ക്യാമറകൾ സ്ഥാപിക്കാൻ ആശുപത്രി വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ കെൽട്രോണ് നൽകിയിരുന്നു.
എന്നാൽ 3 മാസത്തിന് മുമ്പ് 45 സി.സി ക്യാമറകളാണ് ഇവിടെ സ്ഥാപിച്ചത്. മോഷണം സ്ഥിരമാകുന്ന വാർഡ് 14 ൽ ഉൾപ്പടെയുള്ള മറ്റു വാർഡുകളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല.
സ്ഥാപിച്ച ക്യാമറകളുടെ മോണിറ്ററാകട്ടെ ആശുപത്രി പോലീസ് എയ്ഡ് പോസ്റ്റിലൊ സെക്യൂരിറ്റി ഓഫിസിലോ സ്ഥാപിക്കാതെ എയ്ഡ് പോസ്റ്റ് സെക്യൂരിറ്റി ഓഫിസിന് സമീപത്ത് നിന്നും 300 മീറ്റർ അകലെ മൂന്നാം നിലയിലെ ടെലി മെഡിസിൻ ഹാളിലാണ് സ്ഥാപിച്ചത്.
ഇതേ തുടർന്ന് അനിഷ്ട സംഭവങ്ങളും മോഷണങ്ങളും ഉണ്ടാകുമ്പോൾ കുറ്റവാളികളെ പെട്ടെന്ന് കണ്ടു പിടിക്കാൻ മോണിറ്ററിൻ്റെ സഹായം തേടാൻ പോലീസിനും,സുരക്ഷാ ജീവനക്കാർക്കും കഴിയുന്നില്ല.മോണിറ്റർ മൂന്നാം നിലയിലുള്ള ടെലി മെഡിസിൻ ഹാളിൽ സ്ഥാപിച്ചത് എന്തിനാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
പോലീസ് എയ്ഡ് പോസ്റ്റിലോ, സെക്യൂരിറ്റി ഓഫീസിലോ ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിൽ അക്രമമോ, മോഷണമോ നടന്നാൽ ഉടനടി ഇവരെ പിടികൂടാൻ സാധിക്കുമായിരുന്നെന്നാണ് സുരക്ഷാ ജീവനക്കാരും ആശുപത്രിയിലെ മറ്റ് ജീവനക്കാരും പറയുന്നത്.
സി.സി.ടി.വി മോനിട്ടർ അത്യാഹിത വിഭാഗങ്ങളോട് ചേർന്നുള്ള എയ്ഡ് പോസ്റ്റിലോ, സുരക്ഷാ ഓഫീസിലോ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം മാണ് ഇപ്പോൾ ഉയരുന്നത്.
കഴിഞ്ഞ മാസവും കഴിഞ്ഞ ദിവസവും വാർഡ് 14 ൽ നിന്നും മരുന്ന് മോഷ്ടിച്ച 2 പ്രതികളെ മണിക്കൂറുകൾ കൊണ്ടുള്ള തിരച്ചിലിനിടെ യാണ് എയ്ഡ് പോസ്റ്റ് പോലീസ് പിടികൂടിയത് എന്നാൽ മോനിറ്റർ സംവിധാനം ഉണ്ടെങ്കിൽ മോഷ്ടാക്കളേയും അക്രമികളേയും ഏത് ഭാഗത്തേക്ക് ഓടി മറഞ്ഞു എന്ന് പോലീസിനും സുരക്ഷാ ജീവനക്കാർക്കും കണ്ടെത്താൻ കഴിയും എന്നാണ് അവർ പറയുന്നത്.