അമ്പലപ്പുഴ: നഗരത്തിൽ നിന്ന് മെഡിക്കൽ കോളജാശുപത്രി വണ്ടാനത്തേക്കു മാറ്റിയതിനു ശേഷം മതിയായ ചികിൽസ കിട്ടാതെ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ബന്ധുക്കളുടെ പ്രതിഷേധം ഉയരുമ്പോൾ പോലിസിനെ ഉപയോഗിച്ച് കൃത്യനിർവഹണം തടസപെടുത്തിയതിന് കേസ് എടുപ്പിക്കും. അല്ലെങ്കിൽ ജീവനക്കാർ മിന്നൽ സമരത്തിന് ആഹ്വാനം നൽകും.
വർഷങ്ങൾക്കു മുമ്പ് വാടക്കൽ സ്വദേശി മൽസ്യ തൊഴിലാളിയെ വള്ളത്തിൽ വെച്ചു നെഞ്ചുവേദനയെ തുടർന്നു രാത്രിയിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഈ സമയം പ്രധാന ഡോക്ടർമാർ ആരും ആശുപത്രിയിൽ ഇല്ലായിരുന്നു. ചികിൽസ വൈകിയതിനെ തുടർന്നു രോഗി മരിച്ചു.
തുടർന്നു പ്രതിഷേധം സംഘർഷത്തിലെത്തി. രാത്രി പോലിസ് ലാത്തിവീശിയതിനെ തുടർന്നാണ് ജനം പിരിഞ്ഞു പോയത്. പിന്നീട് വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയപ്പോൾ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു . പ്രത്യക സംഘമാണ് അന്വക്ഷിച്ചത്.
സൂപ്രണ്ട് അടക്കമുള്ള വകുപ്പ് തലവന്മാരുടെ മൊഴിയെടുത്ത് പോകുന്നതല്ലാതെ പിന്നീട് റിപ്പോർട്ടിനെ കുറിച്ച് യാതൊരു അനക്കവുമില്ല. ഇതു പോലെ നിരവധി വീഴ്ചകൾ ഡോക്ടർമാർ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു തൂപ്പ് ജീവനക്കാരൻ പോലും ഇന്നേവരെ ശിക്ഷിക്കപെട്ടിട്ടില്ല.
ചെങ്ങന്നുർ സ്വദേശി തങ്കപ്പന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം മോർച്ചറി യിൽ വെച്ച സംഭവത്തിലും അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കൽ വിദ്യഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വക്ഷിക്കുക.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രസ്ഥാവനയിൽ പറഞ്ഞത്. പക്ഷേ ഭരണകക്ഷി സംഘടന യുടെ തലപ്പത്തുള്ളവർ തന്നെ കുറ്റക്കാരെ സംരക്ഷിക്കാൻ നീക്കം തുടങ്ങിയതായാണ് സൂചന.