അന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ഡിസ്ചാർജ് നടപടികൾ താമസിക്കുന്നതിനെതിരെ രോഗികൾ പ്രതിഷേധത്തിൽ. വണ്ടാനം മെഡിക്കൽ കോളജിനെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളതെങ്കിലും, പുതുതലമുറ ഡോക്ടർമാരിൽ ചിലരുടെ അലംഭാവവും കൃത്യവിലോപവും അസ്വസ്ഥതകൾക്കിടയാക്കുന്നതായി ആക്ഷേപമുയരുന്നു.
ഓരോ ദിവസവും ഡിസ്ചാർജ് ലഭിക്കുന്ന രോഗികൾക്ക് വീട്ടിലേക്കു മടങ്ങുന്നതിലുണ്ടാകുന്ന കാലതാമസം ഇത്തരത്തിലുണ്ടാകുന്ന ദുരനുഭവങ്ങൾക്കുദാഹരണമായി പലരും ചൂണ്ടിക്കാട്ടുന്നു. രാവിലെ ഡിസ്ചാർജ് കിട്ടിയ രോഗികൾ ആശുപത്രിവിടാൻ രാത്രിവരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്.
ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുന്ന അധികൃതരോടു നല്ലരീതിയിൽ സഹകരിക്കുന്ന ജീവനക്കാരും, രോഗികളും, ഭക്ഷണവിതരണമുൾപ്പെടെയുള്ള സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്ന വിവിധ സംഘടനകളുമൊക്കെ ടി.ഡി മെഡിക്കൽ കോളജിന്റെ സവിശേഷതകളാണ്.
എന്നാൽ ജൂനിയർ ഡോക്ടർമാരിൽ ചിലരുടെ പക്വതക്കുറവ് കല്ലുകടിയാകുന്നതായാണ് പരാതി. ഏറെ തിരക്കുള്ള ഗൈനക്കോളജി വിഭാഗം വാർഡുകളിൽ രാവിലെ എത്തുന്ന മുതിർന്ന ഡോക്ടർമാർ 10.30 ഓടെ പരിശോധന പൂർത്തിയാക്കി ഒപി ഡ്യൂട്ടിപോലുള്ള മറ്റു ജോലികളിലേക്കു കടക്കുകയാണ് പതിവ്.
ഡിസ്ചാർജു സംബന്ധിച്ച അറിയിപ്പ് തലേദിവസം രാത്രിയിലോ രാവിലെയോ ഒക്കെ കിട്ടുമെന്ന പ്രതീക്ഷയിൽ ഉച്ചയ്ക്കു മുന്പായി വീട്ടിലേക്കു മടങ്ങാനാകുമെന്ന സന്തോഷത്തിലായിരിക്കും രോഗികളും കൂട്ടിരിപ്പുകാരും. എന്നാൽ അന്വേഷിച്ചു ചെല്ലുന്പോൾ ഡിസ്ചാർജ് സമ്മറി തയാറായിട്ടില്ലെന്ന വിവരമാവും ലഭിക്കുക. ഇതിന്റെ ചുമതല മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ജൂനിയർ ഡോക്ടർമാർക്ക് നൽകാറുണ്ട്. എന്നാൽ ഇവർ യഥാസമയം ജോലി പൂർത്തിയാക്കുന്നില്ലെന്നാണ് ആക്ഷേപം