അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചു. മെഡിസിന് ഐസിയുവിന്റെ പ്രവര്‍ത്തനം ഒരുവര്‍ഷം മുന്‍പ് നിലച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസി തകരാറിലായതോടെ സര്‍ജറി ഐസിയുവും പ്രവര്‍ത്തനരഹിതമായത്.
എസി തകരാറിലായതോടെയാണ് 18 കിടക്കകളുള്ള മെഡിസിന് ഐസിയു പ്രവര്‍ത്തനരഹിതമായത്. ഇതോടെ അത്യാസന്ന നിലയിലായ രോഗികളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റുകയാണ്.
ഒരുവര്‍ഷം പിന്നിട്ടിട്ടും മെഡിസിന് ഐസിയു പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ എസി തകരാറിലായതോടെ സര്‍ജറി ഐസിയുവിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.
15 കിടക്കകളാണ് സര്‍ജറി ഐസിയുവിലുള്ളത്. ഇവയില്‍ പലതിലും എസി പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ജറി ഐസിയു അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. കോടിക്കണക്കിന് രൂപയുടെ ബഹുനില മന്ദിരങ്ങള്‍ ഓരോ വര്‍ഷവും ഇവിടെ നിര്‍മിക്കുന്നുണ്ടെങ്കിലും ഏറ്റവും അത്യാവശ്യമായ ഐസിയുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികളെല്ലാം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
വാഹനാപകടങ്ങളില്‍പ്പെട്ട് എത്തുന്ന എല്ലാവരെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. നിര്‍ധനരായ രോഗികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ് ഇതുമൂലമുണ്ടാകുന്നത്.