ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ബ്ലഡ് ബാങ്കിൽ കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചു. 60 ലക്ഷത്തിൽപ്പരം രൂപ ചെലവിൽ സജ്ജീകരിച്ച് ഏതാനും മാസങ്ങൾക്കുമുമ്പ് പ്രവർത്തനമാരംഭിച്ച കോൾഡ് റൂമിന്റെ പ്രവർത്തനമാണ് ഏതാനും ദിവസം മുന്‍പ് നിലച്ചത്. കോൾഡ് റൂമിന്റെ പ്രവർത്തനം നിലച്ചതോടെ ആവശ്യക്കാർക്കു മതിയായ അളവിൽ രക്തം ലഭ്യമാകുന്ന സാഹചര്യവും ഇല്ലാതായി.
കോൾഡ് റൂമിന്റെ പ്രവർത്തനച്ചുമതലയിൽനിന്ന് ടെക്നീഷ്യനെ ഒഴിവാക്കി പകരം ചുമതല അറ്റണ്ടർമാർക്കു കൈമാറിയിരുന്നു. മണിക്കൂർ ഇടവിട്ട് താപനില രേഖപ്പെടുത്തിയില്ല. സാങ്കേതിക പരിജ്ഞാനമില്ലാത്ത അറ്റണ്ടറുടെ പ്രവർത്തനരീതിയും പാളിച്ചകളായി. രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിവിധ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ ഉൾപ്പെടെയുള്ള രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽനിന്നു മതിയായ അളവിലും സമയ കൃത്യത പാലിച്ചും രക്തം കിട്ടുന്നില്ലെന്ന പരാതി വ്യാപകമാകുന്ന ഘട്ടത്തിലാണ് ഇപ്പോൾ കോൾഡ് റൂമിന്റെ പ്രവർത്തനവും നിലച്ചത്.
ഏറ്റവുമധികം ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ നടത്തി സംസ്ഥാനത്തെ മികച്ച ബ്ലഡ് ബാങ്കിന് തുടർച്ചയായി രണ്ടുതവണ അവാർഡ് നേടിയ ആലപ്പുഴ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിനാണ് പുതിയ എച്ച്ഒഡി ചാർജെടുത്തതോടെ ഈ ദുർഗതി സംഭവിച്ചത്. രക്തസാമ്പിളുകൾ സ്വീകരിക്കാൻ പോലും കൗണ്ടറിൽ ജീവനക്കാരില്ലാത്തതിനാൽ രോഗികളുടെ ബന്ധുക്കളും രക്ത ബാങ്കിലെ ജീവനക്കാരും തമ്മിൽ പലപ്പോഴും വാക്കേറ്റവും ഇവിടെ നിത്യ സംഭവമാണ്.
രക്തത്തിന്റെ ലഭ്യതക്കുറവാണ് കാരണമെന്ന് അധികൃതര്‍
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിന്റെ സേവനം യഥാസമയം കിട്ടുന്നില്ലെന്ന് ആരോപണത്തിനു കാരണം രക്തത്തിന്റെ ലഭ്യതക്കുറവാണെന്ന് അധികൃതർ. സ്കൂള്‍ കോളജ് തലങ്ങളിലെ മധ്യവേനലവധിയും വിവിധ മതസ്ഥരുടെ വ്രതാനുഷ്ഠാനങ്ങളും രക്തദാതാക്കളുടെ എണ്ണം കുറച്ചതായും പറയുന്നു.
രക്തത്തിന്റെ ലഭ്യത കുറഞ്ഞതോടെ അത്യാസന്ന നിലയില്‍ എത്തുന്ന രോഗികള്‍ക്കു ബ്ലഡ് ബാങ്കില്‍ നിന്നു രക്തം നല്കാന് പറ്റാത്ത സാഹചര്യമാണ്.രക്തദാതാക്കള്‍ എത്തിയതിനുശേഷമാണ് രോഗികള്‍ക്കു രക്തം നല്‍കുന്നത്. വിവിധ ശസ്ത്രക്രിയകൾക്കു വിധേയരാകുന്നവർ ഉൾപ്പെടെയുള്ള രോഗികൾക്കു രക്ത ബാങ്കിൽനിന്നു മതിയായ അളവിലും സമയ കൃത്യത പാലിച്ചും രക്തം കിട്ടുന്നില്ലെന്ന പരാതിക്കു രക്തത്തിന്റെ ലഭ്യതക്കുറവാണ് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം.
യഥാസമയം രക്തം കിട്ടാതെവരുന്നതോടെ രോഗികളുടെ ബന്ധുക്കളും രക്ത ബാങ്കിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റം നിത്യസംഭവമാണ്.എന്നാൽ, രക്തം സ്വീകരിക്കുന്ന സമയത്തിലെ എച്ച്ഒഡിയുടെ നിലപാടാണ് രക്തദാതാക്കള്‍ എത്താത്തതെന്നാണ് ആരോപണം. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ബ്ലഡ് ബാങ്കിൽ രക്തം സ്വീകരിക്കുന്നത്.
എന്നാല്‍, ചില സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി അറിയിച്ചശേഷം രക്തദാതാക്കള്‍ എത്താറുണ്ട്. ജോലി ക്രമീകരിച്ചശേഷമാണ് ഇവര്‍ എത്തുന്നത്.മൂന്നുവരെ രക്തം സീകരിച്ചതിന് ശേഷം മറ്റുള്ളവരെ മടക്കി അയയ്ക്കുയാണെന്നാണ് പറയുന്നത്. അടുത്ത ദിവസവും തൊഴില്‍ ഉപേക്ഷിച്ച് രക്തം ദാനം ചെയ്യാന്‍ പലരും ശ്രമിക്കാറില്ല. പുതിയതായി ചുമതലയേറ്റ എച്ച്ഒഡിയുടെ കര്ക്കശനിലപാടിനോട് ജീവനക്കാര്‍ക്കും അതൃപ്തിയുണ്ടെന്ന് പറയുന്നു.