കായംകുളം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ പരാതിയുമായി കായംകുളം സ്വദേശി രംഗത്ത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ പത്ത് വയസുകാരന്റെ മുറിവ്, മുടി വൃത്തിയാക്കാതെ സ്റ്റാപ്ലര്‍ പിന്ന് അടിച്ചു വീട്ടില്‍ പറഞ്ഞുവിട്ടതായാണ് പരാതി.
കായംകുളം കൊറ്റുകുളങ്ങര കൊട്ടക്കാട്ട് നൗഷാദ് ആണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കിയത്.
നൗഷാദിന്റെ മകന് മുഹമ്മദ് ഇഹ്സാനെ (10) കഴിഞ്ഞ ദിവസം റോഡപകടത്തില്‍ തലക്ക് ഗുരുതര പരിക്ക് പറ്റി വണ്ടാനം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മുറിവ് വൃത്തിയാക്കുന്നതിനോ തലമുടി മാറ്റി പരിശോധന നടത്തുവാനോ തയാറാകാതെ മുറിവ് കൂട്ടിപിടിച്ചു സ്റ്റാപ്ലര്‍ അടിച്ചു വിടുകയാണുണ്ടായതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയിൽ പറയുന്നു.
വീട്ടിലെത്തിയ ഇഹ്സാന്‍ കഠിനമായ തലവേദന ഉണ്ടായതിനാല്‍ ബന്ധുക്കള്‍ ഉടന്‍തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇഹ്സാന്‍ തലയ്ക്ക് ഉണ്ടായ മുറിവ് ആഴമുള്ളതാണെന്നും ഗുരുതരമാണെന്നും കണ്ടതിനെ തുടര്‍ന്ന് മുടി നീക്കം ചെയ്ത് മുറിവ് വൃത്തിയാക്കി തുടർ ചികിത്സകള്‍ നടത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.