അമ്പലപ്പുഴ: ആരോരുമില്ലാതെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൈത്താങ്ങായ ഫ്രണ്ട്സ് ഓഫ് പേഷ്യന്റ്സിന്റെ പ്രവർത്തനം പത്തു വർഷം പിന്നിടുന്നു. ആംബുലൻസ് ഡ്രൈവറായിരുന്ന കെ.എ.അമീർ ആശുപത്രിയിൽ കണ്ട നൊന്പരപ്പെടുത്തുന്ന കാഴ്ചയാണ് ആയിരക്കണക്കിന് രോഗികൾക്ക് ഇതിനോടകം സാന്ത്വന സ്പർശമായ സംഘടനക്ക് രൂപം നൽകാൻ പ്രചോദനമായത്.
ആശുപത്രി യിൽ മരണപ്പെട്ട ഭർത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ വിങ്ങിപ്പൊട്ടുന്ന യുവതിയുടെ ദയനീയ ചിത്രം ഇപ്പോഴും അമീറിന്റെ മനസ്സിൽ നിന്നും മായുന്നില്ല. പത്തു വർഷം മുൻപായിരുന്നു സംഭവം. ബന്ധുക്കൾ ആരുമില്ലാതിരുന്ന യുവതിയുടെ ഭർത്താവിന്റെ മൃതദേഹം സ്വന്തം ആംബുലൻസിൽ അമീർ നാട്ടിലെത്തിക്കുകയായിരുന്നു.
വൈദ്യുതി പോലും ഇല്ലാത്ത ഒരു ചെറിയ വീടായിരുന്നു ആ കുടുംബത്തിന്േറത്. ബുദ്ധിമാന്ദ്യം സംഭവിച്ച അഞ്ചു വയസുകാരനായ കുട്ടി മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. സംസ്കാര ചടങ്ങിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തതിനു ശേഷം പുലർച്ചെ ആണ് അമീറും കൂട്ടരും തിരികെ വണ്ടാനത്തെത്തിയത്.
അടുത്ത ദിവസമാണ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ ഒരു കടമുറിയിൽ ഇരുന്ന് സേവന സന്നദ്ധരായ നാലു യുവാക്കളെ സംഘടിപ്പിച്ച് ഫ്രണ്ട്സ് ഓഫ് പേഷ്യന്റ്സ് സംഘടനക്ക് രൂപം നൽകുന്നത്. ആശുപത്രി കിടക്കയിൽ ഒറ്റപ്പെട്ടു പോയവർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം, രക്തദാനം, കൂട്ടിരുപ്പ് തുടങ്ങിയവയാണ് സംഘടനയുടെ സേവനങ്ങൾ. ഹർത്താൽ സമയങ്ങളിലും, ആഘോഷ ദിവസങ്ങളിലും, എല്ലാ രോഗികൾക്കും ഭക്ഷണം എത്തിച്ചു നൽകും.
വാഹനാപകടത്തിൽപ്പെട്ട് എത്തുന്നവർക്ക് എക്സ്റേ, സ്കാനിംഗ്, എം.ആർ.ഐ, തുടങ്ങിയ ചികിത്സാ സഹായങ്ങൾ ചെയ്തു കൊടുക്കും. ഈ സംഘടനയുടെ വനിതാക്കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരോരുമില്ലാത്ത സ്ത്രീകൾക്ക് വാടക വീടെടുത്ത് രാപ്പകൽ ഭേദമില്ലാതെ ശിശ്രൂഷ നൽകുന്നു.
ജന്മനാ അന്ധനായ കോടംതുരുത്ത് സ്വദേശി ഷിജിൻ എന്ന യുവാവിന് സംഘടനയുടെ നേതൃത്യത്തിൽ കഴിഞ്ഞ ദിവസം സ്റ്റേഷനറി കട ഒരുക്കി നൽകിയിരുന്നു. മന്ത്രി പി .തിലോത്തമനായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിർധനരും, കൂലിപ്പണിക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ തങ്ങളുടെ ചെറിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചാണ് ഈ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നത്.