പശു തന്നെ പാരയായി! നരേന്ദ്രമോദി ഉത്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ വന്ദേഭാരത് എക്‌സ്പ്രസ് രണ്ടാം ദിനം തന്നെ പണിമുടക്കിയതിന് കാരണമിത്

രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ രണ്ടു ദിവസം പോലും തികയുന്നതിന് മുമ്പ് അത് ബ്രേക്ക്ഡൗണായതായി വാര്‍ത്ത വന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് പണിമുടക്കിയത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിക്കുന്നതിനിടെ അടുത്ത വാര്‍ത്തയും എത്തി.

യാത്രയ്ക്കിടെ ട്രാക്കിലുണ്ടായിരുന്ന ഒരു പശുവിനെ ഇടിച്ചതാണത്രേ, ട്രെയിന്‍ പണി മുടക്കാന്‍ കാരണം. വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞതോടെ ട്രെയിനില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പിന്നീട് ട്രയിന്‍ ബ്രേക്ക് ഡൗണ്‍ ആവുകയും പല കോച്ചുകളിലും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.

ട്രെയിന്‍ വഴിയില്‍ കുടുങ്ങിയതോടെ ട്രെയിനിലുണ്ടായിരുന്ന എന്‍ജീനിയര്‍മാര്‍ പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം തകരാര്‍ പരിഹരിച്ച് രാവിലെ 8:15-ഓടെ വന്ദേഭാരത് എക്സ്പ്രസ് യാത്ര പുനരാരംഭിക്കുകയായിരുന്നു.

ഒന്‍പത് മണിക്കൂര്‍ 45 മിനിറ്റുകൊണ്ടാണ് ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് ട്രെയിന്‍ എത്തിച്ചേരുക. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എസി കോച്ചുകളാണ് ട്രെയിനിലുള്ളത്. 17 മുതല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ പ്രതിദിന സര്‍വ്വീസ് ആരംഭിക്കും. പശു സംരക്ഷണത്തിന് പേരുകേട്ട കേന്ദ്ര സര്‍ക്കാരിന് അക്കാരണം കൊണ്ടു തന്നെ സ്വന്തം നേട്ടം പാളിച്ചയാകുന്ന കാഴ്ച കാണേണ്ടി വന്നല്ലോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

Related posts