ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിൻ ഓടിത്തുടങ്ങിയതിന്റെ രണ്ടാം ദിനം തന്നെ പണിമുടക്കി വഴിയിൽ കിടന്നു. വാരാണസിയിൽനിന്നും മടങ്ങുകയായിരുന്ന ട്രെയിൻ ശനിയാഴ്ച പുലർച്ചെ ദേശീയ തലസ്ഥാനത്തിനു 200 കിലോ മീറ്റർ അകലെയാണ് ബ്രേക്ക്ഡൗണായത്. ഉത്തര്‍പ്രദേശിലെ തുണ്ട്ല ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം.
ട്രെയിന്റെ അവസാന കോച്ചുകളിലെ ബ്രേക്കിന് തകാർ സംഭവിച്ചതാണ് വഴിയില്‍ കുടുങ്ങാന്‍ കാരണമായതെന്ന് കരുതുന്നു. യാത്രക്കാരെ മറ്റ് രണ്ട് ട്രെയിനുകളിലായാണ് ഡൽഹിയിലേക്ക് അയച്ചത്. മൂന്നു മണിക്കൂറിനു ശേഷം തകരാർ പരിഹരിച്ച് ട്രെയിൻ രാവിലെ 8.15 ഓടെ യാത്ര പുനരാരംഭിച്ചു.
ഇന്ത്യയുടെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് ഒമ്പത് മണിക്കൂർ 45 മിനിട്ട് കൊണ്ട് ഓടിയെത്തും. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിന്റെ പരാമവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എസി കോച്ചുകളാണ് ഉള്ളത്. 1,128 പേർക്കാണ് സഞ്ചരിക്കാൻ സാധിക്കും.