കൊച്ചി: വേഗ യാത്രക്കായി ആരംഭിച്ച വന്ദേഭാരത് സര്‍വീസ് സമയനഷ്ടമുണ്ടാക്കുന്നെന്ന പരാതിയുമായി ട്രെയിന്‍ യാത്രക്കാര്‍. ലോക്കല്‍ ട്രെയിനുകളുടെ സമയത്തില്‍ തോന്നിയപടി മാറ്റം വരുത്തിയും സിഗ്നല്‍ സംവിധാനം മെച്ചപ്പെടുത്താതെ മറ്റ് ട്രെയിനുകളുടെ സമയം കവര്‍ന്നെടുത്തുമാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നതെന്നാണ് ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പറയുന്നത്.
25 മുതല്‍ 30 മിനിറ്റ് വരെയാണ് വന്ദേഭാരത് കടന്നുപോകാന്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത്. മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ചു തിരുവനന്തപുരം ഡിവിഷനില്‍ മാത്രമാണ് ട്രെയിനുകള്‍ ഇത്രയും കൂടുതല്‍ സമയം കാത്തുകിടക്കേണ്ടി വരുന്നത്.
കാലഹരണപ്പെട്ടുപോയ സിഗ്നല്‍ സംവിധാനങ്ങളാണ് ഡിവിഷന് ഇപ്പോഴും പിന്തുടരുന്നത്. വന്ദേഭാരതിന് നല്കുന്ന അമിത പ്രാധാന്യമാണ് യാത്രക്കാരെ വലയ്ക്കുന്നതെന്നും, ഇക്കാര്യം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.
എന്നാല്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ പാടെ അവഗണിച്ചാണ് റെയില്‍വേ പുതിയ സമയക്രമം പ്രഖ്യാപിച്ചതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.
കാസര്‍ഗോഡ് നിന്നുള്ള മടക്കയാത്രയില്‍ 07.08നാണ് എറണാകുളം ടൗണില്‍ നിന്ന് വന്ദേഭാരത് പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 06.58ന് തൃപ്പൂണിത്തുറയില്‍ നിന്ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് മറ്റു ഗതാഗത സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത മുളന്തുരുത്തി, പിറവം റോഡ് സ്റ്റേഷനുകളില്‍ അരമണിക്കൂറോളം പിടിച്ചിടാനാണ് റെയില്‍വേ തീരുമാനം.
ഇതിന് പകരം തൃപ്പൂണിത്തുറയില്‍ പിടിച്ചിടുകയാണെങ്കില് എറണാകുളത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ സമയം പ്രയോജനപ്പെടുത്താന്‍ കഴിയും.
പാലരുവി എക്സ്പ്രസ് പാലക്കാട് നിന്ന് പുറപ്പെടുന്ന സമയത്തില്‍ ഭേദഗതി വരുത്തി യാത്രക്കാര്‍ക്കുകൂടി പ്രയോജനകരമാകുന്ന സമയക്രമം ചിട്ടപ്പെടുത്തണമെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.