തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന അർധ അതിവേഗ ട്രെയിൻ സർവീസ് വന്ദേഭാരത് എക്സ്പ്രസിലെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്ന് കാസർഗോട്ടേക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യൂട്ടീവിൽ 2,880 രൂപയുമാണു നിരക്ക്. കാറ്ററിംഗ് ചാർജ് ഉൾപ്പെടെയുള്ള നിരക്കാണിത്.
എന്നാൽ, തിരികെയുള്ള സർവീസിൽ നേരിയ ഇളവുണ്ട്. ചെയർകാറിൽ കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തിന് 1,520 രൂപയും എക്സിക്യൂട്ടീവിൽ 2,815 രൂപയും നൽകിയാൽ മതി. ഭക്ഷണ മെനുവിലെ വ്യത്യാസമാണ് തിരികെയുള്ള നിരക്കിൽ നേരിയ ഇളവിനു കാരണമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസിൽ എട്ടു മണിക്കൂർ 05 മിനിറ്റു കൊണ്ടു തിരുവനന്തപുരത്തു നിന്നു കാസർഗോഡ് എത്താം.
തിരുവനന്തപുരത്തുനിന്നുള്ള ആദ്യ സ്റ്റോപ്പായ കൊല്ലത്തിന് ചെയർകാറിൽ 435 രൂപയും എക്സിക്യൂട്ടീവിൽ 820 രൂപയും നൽകണം. 28 നാണ് വന്ദേഭാരത് എക്സ്പ്രസിന്റെ റഗുലർ സർവീസ് തുടങ്ങുന്നത്. ടിക്കറ്റ് റിസർവേഷനും തുടങ്ങി. റയിൽവേ ബുക്കിംഗ് സെന്ററുകളിൽനിന്നും വെബ്സൈറ്റ്, മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോടിന് ചെയർ കാറിൽ 1,090 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ അടിസ്ഥാന ടിക്കറ്റ് നിരക്ക് 803 രൂപയാണ്. റിസർവേഷൻ ചാർജ് 40 രൂപ. 45 രൂപ വീതം സൂപ്പർ ഫാസ്റ്റ് ചാർജും ചരക്കു സേവന നികുതിയുമാകും.
കാറ്ററിംഗ് ചാർജ് 157 രൂപയാണ്. വ്യാഴം ഒഴികെ ആഴ്ചയിലെ ആറു ദിവസവും സർവീസ് നടത്തും. രാവിലെ 5.20നു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.25ന് കാസർഗോട്ടെത്തും. ഉച്ചകഴിഞ്ഞ് 2.30നു തിരിക്കുന്ന ട്രെയിൻ രാത്രി 10.35നു തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരത്തുനിന്നുള്ള ടിക്കറ്റ് നിരക്ക്- (ചെയർ കാർ, എക്സിക്യൂട്ടീവ്)
- കൊല്ലം- 435, 820
- കോട്ടയം- 555, 1075
- എറണാകുളം ടൗണ്- 765, 1420
- തൃശൂർ- 880, 1650
- ഷൊർണൂർ- 950, 1775
- കോഴിക്കോട്- 1090,2060
- കണ്ണൂർ- 1260, 2415
- കാസർഗോഡ് – 1590, 2880
റിസർവേഷൻ തുടങ്ങി, ആദ്യ ദിനങ്ങളിൽ എക്സിക്യൂട്ടീവ് ഫുൾ
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ ഇന്നലെ രാവിലെ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ ദിനങ്ങളിലെ എക്സിക്യൂട്ടീവ് ചെയർ കാറിലെ ടിക്കറ്റുകൾ തീർന്നു.
28 നാണ് റെഗുലർ സർവീസ് തുടങ്ങുന്നത്.
ഈ ദിവസം മുതൽ തൊട്ടടുത്തുള്ള ദിവസങ്ങളിലെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലേക്കു നീങ്ങി. സാധാരണ യാത്രക്കുള്ള ചെയർ കാർ ടിക്കറ്റുകളും മൂന്നിൽ രണ്ടു ഭാഗവും റിസർവേഷനായി.
ചെയർ കാറിൽ 914 സീറ്റും എക്സിക്യൂട്ടീവിൽ 84 സീറ്റും ഉൾപ്പെടെ 1000 സീറ്റാണ് വന്ദേഭാരത് എക്സ്പ്രസിനുള്ളത്.