കൊല്ലം: സർവീസ് ഉടൻ ആരംഭിക്കാൻ പോകുന്ന വന്ദേ മെട്രോ ട്രെയിനുകളുടെ യാത്രാ നിരക്ക് നിശ്ചയിച്ച് റെയിൽവേ. ഇതു സംബന്ധിച്ച് റെയിൽവേ ഫിനാൻസ് ഡയറക്ടറേറ്റിന്റെ വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി.പൂർണമായും എയർ കണ്ടീഷൻ ചെയ്ത അൺ റിസർവ്ഡ് മെട്രോ ട്രെയിൻ സർവീസിൽ 25 കിലോമീറ്റർ ദൂരം വരെ മിനിമം ചാർജ് 30 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടി അടക്കമാണ് ഈ നിരക്ക്.
നോൺ സബർബൻ സെക്ഷനിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകുന്നതാണ് പ്രസ്തുത ടിക്കറ്റ് നിരക്ക്. 25 കിലോമീറ്റർ കഴിഞ്ഞുള്ള യാത്രയ്ക്ക് ദൂരത്തിന് ആനുപാതികമായി നിരക്കിൽ വർധന ഉണ്ടാകും. ഇതിൻ്റെ വിശദമായ ചാർട്ടും റെയിൽവേ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതിമാസ, ദ്വൈവാര, പ്രതിവാര സീസൺ ടിക്കറ്റുകളിലും യാത്ര ചെയ്യും. ഇവയ്ക്ക് യഥാക്രമം ഒറ്റയാത്രയുടെ 20, 15, ഏഴ് ഇരട്ടി നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.25 കിലോമീറ്റർ ദൂരം വരെ പ്രതിമാസ സീസൺ ടിക്കറ്റ് നിരക്ക് 600 രൂപയാണ്. ഇതേ ദൂരത്തിന് ദ്വൈവാര സീസൺ ടിക്കറ്റിന് 450 രൂപയും പ്രതിവാര സീസൺ ടിക്കറ്റിന് 210 രൂപയുമാണ് ഈ ടാക്കുക. ഇതിന്റെയും വിശദമായ പട്ടിക റെയിൽവേ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
കുട്ടികൾക്കുള്ള യാത്രാ നിരക്കിലെ ഇളവ് നിലവിൽ റെയിൽവേ നിയമം അനുശാസിക്കുന്നത് പോലെ തുടരും. ടിക്കറ്റിൻ്റെ കാലാവധി സംബന്ധിച്ചും നിലവിലെ വ്യവസ്ഥകളിൽ മാറ്റമൊന്നും ഇല്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.ടിക്കറ്റ് കാൻസൽ ചെയ്യുന്നവരിൽ നിന്ന് ക്ലറിക്കൽ ചാർജ് ഈടാക്കും. മിനിമം കാൻസലേഷൻ തുക 60 രൂപയാണ്. വിവിധ വിഭാഗങ്ങൾക്ക് നൽകിവരുന്ന കൺസഷൻ ടിക്കറ്റുകൾ, സൗജന്യ പാസുകൾ എന്നിവ വന്ദേ മെട്രോ യാത്രയിൽ അനുവദനീയമല്ല.
ഇത്രയും വിവരങ്ങൾ അടങ്ങിയ വിശദമായ അറിയിപ്പ് റെയിൽവേ ബോർഡ് പാസഞ്ചർ മാർക്കറ്റിംഗ് ആൻ്റ് കോർഡിനേഷൻ ജോയിൻ്റ് ഡയറക്ടർ അഭയ് ശർമ എല്ലാ സോണുകളിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നൽകി കഴിഞ്ഞു.രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ സർവീസ് ഗുജറാത്തിലെ ഭുജിൽ നിന്ന് അഹമ്മദാബാദിലേയ്ക്കായിരിക്കും സർവീസ് നടത്തുക. ഇതിൻ്റെ ടൈംടേബിൾ അടക്കം തീരുമാനിച്ച് കഴിഞ്ഞു.
12 കോച്ചുകൾ ഉള്ള ട്രെയിനാണ് ഓടിക്കുന്നത്. അഞ്ച് മണിക്കൂർ 45 മിനിട്ടാണ് യാത്രാ സമയം നിശ്ചയിച്ചിട്ടുള്ളത്. ഒമ്പത് സ്റ്റോപ്പുകൾ ഉണ്ട്. ഉദ്ഘാടനം എന്ന് നടക്കുമെന്ന് അറിയിപ്പ് ഇതുവരെയും വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
എസ്.ആർ. സുധീർ കുമാർ