തിരുവനന്തപുരം: യൂറോപ്പിലെ റീജണൽ ട്രെയിനുകൾക്ക് സമാനമായ രീതിയിൽ ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവീസിന് കേരളത്തിൽനിന്ന് 10 റൂട്ടുകൾ പരിഗണനയിൽ.
വന്ദേ ഭാരത് ട്രെയിനുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് കേന്ദ്രം ആരംഭിച്ച വന്ദേ മെട്രോ പദ്ധതിയിൽ കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്.
എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂർ, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശൂർ, മംഗളൂരു-കോഴിക്കോട്, നിലമ്പൂർ-മേട്ടുപാളയം എന്നീ റൂട്ടുകൾ പരിഗണനയിലുണ്ട്.
ദക്ഷിണ റെയിൽവേയുടെ ശിപാർശ അനുസരിച്ച് വന്ദേ മെട്രോ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി നൽകും.
പൂർണമായും ശീതികരിച്ച 12 കോച്ചുകളാണ് വന്ദേ മെട്രോ ട്രെയിനിൽ ഉണ്ടാകുക.
130 കിലോമീറ്ററായിരിക്കും വന്ദേ മെട്രോ ട്രെയിനിന് അനുവദിക്കുന്ന പരമാവധി വേഗം. ആദ്യ വന്ദേ മെട്രോ ട്രെയിൻ റേക്ക് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് നവംബറിൽ പുറത്തിറക്കും.
വന്ദേ മെട്രോ ട്രെയിനുകളുടെ ദൂരപരിധി 200 കിലോമീറ്ററാണ്. പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകൾക്ക് ഉണ്ടാകില്ല.
2023 ഡിസംബറോടെ വന്ദേ മെട്രോ സര്‍വീസ് ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നഗരങ്ങളില്‍ താമസിക്കുന്നവരെ ലക്ഷ്യമിട്ടായിരിക്കും ഈ സര്‍വീസുകള്‍ ആരംഭിക്കുക.
നഗരങ്ങളിലെ വലിയ ട്രാഫിക് ബ്ലോക്കുകള്‍ മറിക്കടക്കാന്‍ വന്ദേ മെട്രോ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ സാധിക്കും എന്നാണ് കരുതുന്നത്.