കൊല്ലം: മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ സർവീസ് 15 – മുതൽ ആരംഭിക്കുമെന്ന് സൂചന. ആദ്യ സർവീസ് മുംബൈയിൽ നിന്ന് തുടങ്ങാനാണ് സാധ്യതയെന്നും ഉയർന്ന റെയിൽവ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷവുവായി ബന്ധപ്പെട്ട് രാജ്യത്ത് റെയിൽവേ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇതിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
വന്ദേ മെട്രോയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെ നടന്നു. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ ജനക് ഗാർഗ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലെ സാങ്കേതിക വിദഗ്ധരും ട്രയൽ റണ്ണിന് നേതൃത്വം നൽകി. 110 കിലോമീറ്റർ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ട്രയൽ റൺ സമ്പൂർണ വിജയമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ മാസം വികസിപ്പിച്ചെടുത്ത വന്ദേ മെട്രോയിൽ 12 ഏസി കോച്ചുകളാണ് ഉള്ളത്. ഏല്ലാ കോച്ചുകളിലും നിരീക്ഷണ കാമറകൾ ഉണ്ട്.
മൊബൈൽ ഫോൺ ചാർജിംഗ്, ഡിജിറ്റൽ നോട്ടീസ് ബോർഡുകൾ, അത്യാധുനിക ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.മണിക്കൂറിൽ 130 കിലോമീറ്ററാണ് വേഗത. 200 മുതൽ 250 കിലോമീറ്റർ വരെ ദൈർഘ്യമുള്ള റൂട്ടുകളിൽ ഇവ ഓടിക്കാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
തിരക്കേറിയ റൂട്ടുകളിൽ 16 കോച്ചുകൾ വരെ ഘടിപ്പിക്കാനാകുമെന്ന് ചീഫ് സേഫ്റ്റി കമ്മീഷണർ പറഞ്ഞു. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പുരോഗമിക്കുന്ന വന്ദേ മെട്രോ കോച്ചുകളിൽ അദ്ദേഹം സന്ദർശനവും നടത്തി.
എസ്.ആർ. സുധീർ കുമാർ